ജ്യോതിഷം - നവഗ്രഹങ്ങൾ - 9 planets in astrology



 
ഓം ഹരിഃ ശ്രീ ഗണപതയെ നമഃ; 

അവിഘ്നമസ്തു; 

ശ്രീ ഗുരുഭ്യോ നമഃ  


ജ്യോതിഷം - നവഗ്രഹങ്ങൾ 

ജ്യോതിഷശാസ്ത്രം 9 ഗ്രഹങ്ങളെ അടിസ്ഥാനപ്പെടുത്തിട്ടുള്ളതാണ്. അവയെ നവഗ്രഹങ്ങൾ എന്ന് വിളിക്കുന്നു.

സൂര്യന് ചുറ്റും വലംവെക്കുന്ന ഗോളങ്ങളാണ് ഗ്രഹങ്ങൾ. ഗ്രഹങ്ങൾക്ക് സ്വയം പ്രകാശിക്കാൻ കഴിവില്ല പക്ഷെ അവ സൂര്യപ്രകാശം കൊണ്ട് പ്രകാശിക്കുന്നു. 

ജ്യോതിഷത്തിൽ ഗ്രഹങ്ങൾ 12 രാശികളിയായി സ്ഥിതിചെയ്യുന്നു. ഗ്രഹങ്ങളുടെ ഈ സ്ഥിതിയാണ് ഗ്രഹനില. ഈ ഗ്രഹങ്ങളുടെ സ്ഥിതി, അവസ്ഥ, ദൃഷ്ഠി എന്നിവ കണക്കിലെടുത്തു ഒരു ജാതകത്തെ വ്യാഖ്യാനിക്കുവാൻ സാധിക്കും. 

ജ്യോതിഷത്തിലെ നവഗ്രഹങ്ങൾ താഴെ പറയുന്നവയാണ്. 


1. സൂര്യൻ (SUN) 

ജ്യോതിഷത്തിൽ സൂര്യനെ ഒരു ഗ്രഹമായാണ് കണക്കാക്കുന്നത്. നൈസർഗീകമായി ഏറ്റവും സ്വാധീനശക്‌തിയുള്ള ഒരു ഗ്രഹമാണ് സൂര്യൻ. സൂര്യനെ അരപാപത്വം ഉണ്ട് എന്ന് പറയാറുണ്ട്.  പക്ഷെ സൂര്യനെ ഒരിക്കലും ഒരു പാപഗ്രഹമാക്കി കാണരുത്. ആദിത്യന് ബലമുണ്ടായാൽ പ്രതാപാദിശൗര്യം വിധിക്കമല്ലാതെ പാപത്വം വിധിക്കാൻ പാടില്ല. എന്നാൽ ഒരു ജാതകത്തിൽ ഉച്ച, സ്വക്ഷേത്ര, മൂലക്ഷേത്ര, ബന്ധുക്ഷേത്ര സ്ഥിതിയുള്ള സൂര്യൻ പൂർണ്ണമായും ശുഭഫലം നല്കുന്ന ഗ്രഹമാണ്. സൂര്യൻ ഒരു രാജസഗ്രഹം കൂടിയാണ് 

ആത്‌മാവ്‌, പിതാവ്, ഭരണം, സ്വാധീനം, രാഷ്ട്രീയം എന്നിവ സൂര്യനെ കൊണ്ട് പറയുന്നു. 

ചിങ്ങം ആണ് സൂര്യന്റെ സ്വക്ഷേത്രം. മേടം ആണ് ഉച്ചക്ഷേത്രം. 

സൂര്യൻ താൻ നിൽക്കുന്ന രാശിയുടെ 7 മത്തെ ഭാവത്തിലേക്ക് ദൃഷ്ടി ചെയ്യുന്നു. 

2. ചന്ദ്രൻ (Moon)

ആദിത്യനെ പോലെ തന്നെ നൈസർഗ്ഗീക ബലം ഉള്ള ഗ്രഹമാണ് ചന്ദ്രൻ. ചന്ദ്രന് വൈദിക ജ്യോതിഷത്തിൽ വളരെ പ്രാധാന്യം കല്പിച്ചിരിക്കുന്നു. ഒരു വ്യക്തിയെ ശക്‌തമായി സ്വാധീനിക്കാൻ കഴിവുള്ള ഒരു ഗ്രഹമാണ് ചന്ദ്രൻ. 

ചന്ദ്രൻ ഒരു ശുഭഗ്രഹമാണ്. പക്ഷെ ചതുർദ്ദശിയിലും അമാവാസിയിലും ഉള്ള ചന്ദ്രൻ പാപഗ്രഹമാണ്. തിഥിയാണ് ചന്ദ്രന്റെ ബലത്തെ സൂചിപ്പിക്കുന്നത്. പക്ഷബലമില്ലാത്ത മറ്റു ദിനങ്ങളിൽ ചന്ദ്രൻ ബലഹീനൻ ആണ് പക്ഷെ പാപൻ (ക്രൂരൻ) എന്ന് പറയുവാൻ പാടില്ല. 

ചന്ദ്രൻ ഒരു ജാതകത്തിൽ ഈ പറയുന്നവയെ പ്രതിനിധികരിക്കുന്നു,

മാതാവ്, മനസ്സ്, സുഖം, കുടുംബജീവിതം, വൈകാരികത, മാനസികാവസ്ഥ, സൗന്ദര്യം, മൃദുത്വം.

കർക്കിടകം ആണ് ചന്ദ്രന്റെ സ്വക്ഷേത്രം. ഇടവം ആണ് ചന്ദ്രന്റെ ഉച്ചക്ഷേത്രം. 

ചന്ദ്രൻ താൻ നിൽക്കുന്ന രാശിയുടെ 7 മത്തെ ഭാവത്തിലേക്ക് ദൃഷ്ടി ചെയ്യുന്നു. 

3. ചൊവ്വ/കുജൻ (Mars)

ചൊവ്വ (കുജൻ) ഒരു പാപഗ്രഹമാണ്. ശനി കഴിഞ്ഞാൽ ഏറ്റവും പാപത്വം ഉള്ള ഗ്രഹം ചൊവ്വയാണ്. പാപഗ്രഹമായാലും സ്വക്ഷേത്ര, ഉച്ചക്ഷേത്ര, ബന്ധുക്ഷേത്ര സ്ഥിതിയുള്ള കുജൻ ശുഭഫലം തരുന്ന ഗ്രഹമാണ് എന്ന് ഓർക്കണം. 

കുജൻ ശക്‌തിയെ പ്രതിനിധാനം ചെയ്യുന്നു. പുറത്തേക്ക് പ്രകടമാകുന്ന ശക്തി, ആത്‌മവിശ്വാസം, പരാക്രമം, അഹങ്കാരം, ക്രൂരത, ശൗര്യം, യുദ്ധം, ദേഷ്യം, കലഹം, അഗ്നി, ഇരുമ്പ്, രക്‌തം, ചുവപ്പ് എന്നിവയെ ചൊവ്വ കൊണ്ട് പറയാം. 

ഒരു ജാതകത്തിൽ നല്ല ചൊവ്വ അതായതു മേല്പറഞ്ഞ സുസ്ഥിതിഉള്ള അല്ലെങ്കിൽ ശുഭദൃഷ്ടിയുള്ള ചൊവ്വ ലഗ്നാൽ കേന്ദ്ര, ത്രികോണങ്ങളിൽ നിന്നാൽ ആ ചൊവ്വ ആ വ്യക്തിയിൽ ശുഭഫലപ്രാപ്തിയുള്ള  ഊർജ്ജം പ്രവഹിപ്പിക്കുന്നു. ആ വ്യക്തി ഒരു ഊർജ്ജസ്വലൻ തന്നെയായിരിക്കും. 

കുജൻ ഒരു പുരുഷഗ്രഹമാണ്. 

കുജൻ  താൻ നിൽക്കുന്ന രാശിയുടെ 4, 7, 8 രാശികളിലേക്ക് ദൃഷ്ടി ചെയ്യുന്നു. 

ചൊവ്വ എന്ന ഗ്രഹത്തെക്കൊണ്ടുള്ള ദൈവസങ്കല്പം കാളിയുടെയും സുബ്രഹ്മണ്യന്റെയുമാണ്. 

4. ബുധൻ (Mercury)

ബുധൻ ഒരു ശുഭഗ്രഹമാണ്. പക്ഷെ പാപയോഗമുള്ള ബുധൻ പാപഫലം നൽകുന്ന ഗ്രഹമാണ്.  സ്വക്ഷേത്ര, ഉച്ചക്ഷേത്ര, ബന്ധുക്ഷേത്ര സ്ഥിതിയുള്ള ബുധൻ ശുഭഫലം തരുന്ന ഗ്രഹമാണ് എന്ന് ഓർക്കണം. 

ബുധൻ ആശയവിനിമയം, ബുദ്ധി, അറിവ്, വാഗ്മിത്വം, അപഗ്രഥനം, സന്ദേശങ്ങൾ, എഴുത്ത്, സാമൂഹികത, ചെറുപ്പം, ഹാസ്യം, സംവേദനക്ഷമത, പച്ചനിറം എന്നിവയെ സൂചിപ്പിക്കുന്നു.

മഹാവിഷ്ണു ആണ് ബുധൻ പ്രതിനിധാനം ചെയ്യുന്ന ഈശ്വരസങ്കല്പം. 

കന്നി, മിഥുനം രാശികൾ ബുധന്റെ സ്വക്ഷേത്രങ്ങളാണ്. കന്നി രാശിയിലെ ആദ്യത്തെ 15 ഭാഗയാണ് ബുധന് ഉച്ചം.

ബുധൻ ഒരു നപുംസകഗ്രഹമാണ്.

ബുധൻ താൻ നിൽക്കുന്ന രാശിയുടെ 7 മത്തെ ഭാവത്തിലേക്ക് ദൃഷ്ടി ചെയ്യുന്നു. 

5. വ്യാഴം (Jupiter)

വ്യാഴം ഒരു ശുഭഗ്രഹമാണ്. ശുഭഫലദാതാക്കളിൽ ഒന്നാമനാണ് വ്യാഴം. സ്വക്ഷേത്ര, ഉച്ചക്ഷേത്ര, ബന്ധുക്ഷേത്ര സ്ഥിതിയുള്ള വ്യാഴം ശുഭഫലം തരുന്ന ഗ്രഹമാണ് മാത്രമല്ല വ്യാഴദൃഷ്ടി അത്യന്തം ഗുണകരമാണ്. 

വ്യാഴത്തെക്കൊണ്ട് ദൈവാധീനം, നന്മ, ജ്ഞാനം, ധർമ്മം, ഭാഗ്യം, ഗുരു, അദ്ധ്യതമികത, സാത്വീകത, ധനാഢ്യത, പേരും പ്രശസ്തിയും, അധ്യാപനം, നീതിന്യായം, ഗവേഷണം എന്നിവയെ സൂചിപ്പിക്കുന്നു. 

വ്യാഴം കൊണ്ട് സങ്കല്പിക്കുന്ന ദൈവസങ്കല്പങ്ങൾ മഹാവിഷ്ണു, ശ്രീകൃഷ്ണൻ, ശ്രീരാമൻ  എന്നീവയാണ്. 

ധനു, മീനം എന്നിവയാണ് വ്യാഴത്തിന്റെ സ്വക്ഷേത്രങ്ങൾ. കർക്കിടകം ആണ് ഉച്ചക്ഷേത്രം.

വ്യാഴം ഒരു പുരുഷഗ്രഹമാണ്.

വ്യാഴം  താൻ നിൽക്കുന്ന രാശിയുടെ 5, 7, 9 രാശികളിലേക്ക് ദൃഷ്ടി ചെയ്യുന്നു. 

6. ശുക്രൻ (Venus) 

ശുക്രൻ ഒരു ശുഭഗ്രഹമാണ്. ശുക്രൻ ഭാര്യയെ പ്രതിനിധാനം ചെയ്യുന്നു. ഗ്രഹങ്ങളിൽ ഏറ്റവും തിളങ്ങുന്ന അല്ലെങ്കിൽ ശോഭിക്കുന്ന ഗ്രഹമാണ് ശുക്രൻ. രാജാസികനായ ഒരു ഗ്രഹമാണ് ശുക്രൻ. 

ശുക്രൻ ഈപറയുന്നവയെ പ്രതിനിധികരിക്കുന്നു, ഭാര്യ, ഭർത്താവ്, കാമം, പ്രേമം, സ്നേഹം, വിവാഹം, സാങ്കല്‍പികസുഖാനുഭൂതി, സൗന്ദര്യം, ഉത്‌സാഹം, ശയനസുഖം, വിനോദം, ആനന്ദം, ലളിത ദൃശ്യ കലകൾ, ഫലിതം, 

ശുക്രനെക്കൊണ്ട് ലക്ഷിദേവിയെയും ഇന്ദ്രാണിയേയും ചിന്തിക്കേണ്ടതാണ്. 

ഇടവം, തുലാം എന്നീ രാശികൾ ആണ് ശുക്രന്റെ സ്വക്ഷേത്രങ്ങൾ. മീനം ആണ് ഉച്ചക്ഷേത്രം. 

ശുക്രൻ ഒരു സ്ത്രീഗ്രഹം ആണ് .

ശുക്രന്  താൻ നിൽക്കുന്ന രാശിയുടെ 7 മത്തെ ഭാവത്തിലേക്ക് ദൃഷ്ടിക്ക് പുറമെ  സ്വക്ഷത്ര - ഉച്ചക്ഷേത്ര - മൂലക്ഷേത്ര സ്ഥിതനാണെങ്കിൽ 8 യിലേക്കും ദൃഷ്ടിയുണ്ട്.

7. ശനി/മന്ദൻ (Saturn)

ശനി ഒരു പാപഗ്രഹമാണ്. ഏറ്റവും പാപത്വം ശനിയിൽ ജ്യോതിഷം പറയുന്നു. പാപഗ്രഹമായാലും സ്വക്ഷേത്ര, ഉച്ചക്ഷേത്ര, ബന്ധുക്ഷേത്ര സ്ഥിതിയുള്ള ശനി പാപത്വം നശിച്ചു ശുഭഫലം തരുന്ന ഗ്രഹമാണ്.  ശനിയെ മന്ദൻ എന്ന് വിളിക്കുന്നു കാരണം വളരെ മന്ദഗതിയിലുള്ള ചലനം കൊണ്ടാണ് അങ്ങനെ വിളിക്കുന്നത്. 

ശനി പ്രധാനമായും പ്രതിനിധികരിക്കുന്ന വിഷയങ്ങൾ ഈ പറയുന്നവ ആണ്, കർമ്മം, കഠിനാധ്വാനം, താഴ്ന്ന വിഭാഗക്കാർ, സാമൂഹിക സേവനം,  എതിരാളി, രോഗം, തടസ്സം, വൃദ്ധർ, മടി, വിരക്തി, കലാപം. 

നല്ല സ്ഥാനത്തു സ്ഥിതിചെയ്യുന്ന ശനി ഒരു വ്യക്തിയിൽ ത്യാഗം, യോഗ, സന്ന്യാസം, ആത്‌മീയത, ഭക്തി, ഉത്തരവാദിത്വബോധം, ആത്മാർത്ഥത, പടിപടിയായി ഉയർച്ച, മേധാവിത്വം, പരസഹായം, സമൂഹസേവനം, ധാർമ്മികത, തത്വജ്ഞാനം എന്നിവയെ സൃഷ്ടിക്കുന്നു.    

ശനിയെക്കൊണ്ട് സങ്കല്പിക്കുന്ന ദൈവസങ്കല്പം  ശാസ്താവിന്റെതാണ്.  

മകരം, കുംഭം ആണ് ശനിയുടെ സ്വക്ഷേത്രങ്ങൾ. തുലാം രാശിയാണ് ശനിയുടെ ഉച്ചക്ഷേത്രം. 

ഗ്രഹനിലയിൽ 'മ' എന്ന അക്ഷരം കൊണ്ട് ശനിയുടെ സ്ഥാനം കുറിക്കുന്നു.

ശനിക്ക് താൻ നിൽക്കുന്ന രാശിയുടെ 3, 7, 10 ഭാവങ്ങളിലേക്ക്  ദൃഷ്ടിയുണ്ട്. 

8. രാഹു (Rahu) 

രാഹു ശനിയെപോലെയുള്ള ഒരു പാപഗ്രഹമാണ്. ചന്ദ്രൻ തെക്ക്‌ നിന്ന്‌ വടക്കോട്ട്‌ സൂര്യപഥത്തെ മുറിച്ച്‌ കടക്കുന്ന ബിന്ദുവിനെ നമ്മുടെ പൂർവ്വികർ രാഹു (Ascending Node) എന്ന്‌ വിളിക്കുന്നു. വാസ്തവത്തിൽ രാഹു ഒരു ഗ്രഹമല്ല മറിച്ച്‌  ഒരു സ്ഥാനം മാത്രമാണ് . രാഹുവിനെ വെറും നിഴലായാണ് അല്ലെങ്കിൽ ഛായാഗ്രഹങ്ങൾ എന്നാണ് ജ്യോതിഷികൾ കാണുന്നത്. സ്ഥിരമായി വക്രഗതിയിലാണ് രാഹു. 

ഒരു വ്യക്തിയുടെ പൂർവ്വജന്മത്തിൽ നേടാൻ സാധിക്കാത്ത വിഷയങ്ങളെയാണ് രാഹു എന്ന ഗ്രഹം ഒരു ജാതകത്തിൽ സൂചിപ്പിക്കുന്നത്. ആ ജാതകത്തിൽ രാഹു നിൽക്കുന്ന സ്ഥാനങ്ങളിൽ അതിയായ ആഗ്രഹം ആ വ്യക്തി തന്മൂലം വച്ച് പുലർത്തുന്നു. 

രാഹുവിനെ കൊണ്ട് മുത്തശ്ശൻ, അത്യാഗ്രഹം, ഭൗതീകത, നിയമലംഘനം, വ്യവസ്ഥാപിതമായ കാര്യങ്ങളോടുള്ള എതിര്, രഹസ്യം, പേടി, ആത്‍മഹത്യപ്രവണത, രാസപദാർത്ഥങ്ങൾ, അന്യദേശം, മയക്കുമരുന്ന്, ചതി, ത്വക്‌രോഗം ഇവയൊക്കെ പറയുന്നു. 

പക്ഷെ ശുഭഗ്രഹ ദൃഷ്ടിയോഗത്തോടെ 3,6, 10,11 ഭാവങ്ങളിൽ നിന്നാൽ രാഹു ഗുണഫലങ്ങൾ നൽകും. എന്നാൽ അവർ നിൽക്കുന്ന നക്ഷത്രധിപന്മാർ ലഗ്നത്തിന്റെ 3, 6, 8, 11 ഈ ഭാവങ്ങളുടെ അധിപന്മാരാകരുത്. 

ശനിയും ശുക്രനുമാണ് രാഹുവിന്റെ മിത്രങ്ങൾ. വ്യാഴം, കേതു, ബുധൻ എന്നിവർ സമന്മാരും. സൂര്യൻ, ചന്ദ്രൻ, ചൊവ്വ എന്നിവർ ശത്രുക്കളുമാകുന്നു. 

മേടം, വൃശ്ചികം, കുംഭം, മിഥുനം, ഇടവം, കർക്കിടകം ഇവ രാഹുവിനു ബലമുള്ള രാശികളാണെന്നു പറയപ്പെടുന്നു.

രാഹു കേന്ദ്രത്തിൽ ഒരു ത്രികോണാധിപനോടോ അല്ലെങ്കിൽ ത്രികോണത്തിൽ കേന്ദ്രാധിപത്യമുള്ള ഒരു ഗ്രഹത്തോടോ ചേർന്ന് നിന്നാൽ ഗുണഫലത്തെ ചെയ്യും. രാഹുവിന്റെ പാപത്വം നശിക്കുന്നു. 

ബുധൻ നിൽക്കുന്ന രാശിയിലോ ബുധന്റെ കേന്ദ്രങ്ങളിലോ രാഹു സ്ഥിതിവന്നാൽ രാഹു അവന്റെ പാപത്വം നശിച്ചു ഗുണഫലത്തെ കൊടുക്കുന്നു. 

രാഹു ഒരു സ്ത്രീ ഗ്രഹമാണ്. 

രാഹുവിനു താൻ നില്ക്കുന്ന രാശിയുടെ 2, 5, 7 എന്നീ ഭാവങ്ങളിലേക്കാണ് ദൃഷ്ടിയുള്ളത് .

9. കേതു/ശിഖി (Ketu)

കേതു ചൊവ്വയെപോലെയുള്ള ഒരു പാപഗ്രഹമാണ്. ചന്ദ്രൻ വടക്ക്‌ നിന്ന്‌ തെക്കോട്ട് സൂര്യപഥത്തെ മുറിച്ച്‌ കടക്കുന്ന ബിന്ദുവിനെ കേതു (Descending Node) എന്ന് വിളിക്കുന്നു. വാസ്തവത്തിൽ കേതു ഒരു ഗ്രഹമല്ല മറിച്ച്‌  ഒരു സ്ഥാനം മാത്രമാണ് . കേതുവിനെ വെറും നിഴലായാണ് അല്ലെങ്കിൽ ഛായാഗ്രഹങ്ങൾ എന്നാണ് ജ്യോതിഷികൾ കാണുന്നത്. സ്ഥിരമായി വക്രഗതിയിലാണ് കേതു. 

കേതുവിനെ 'ശിഖി' എന്ന് വിളിക്കുന്നു. 'ശി' എന്ന അക്ഷരംകൊണ്ട് ഗ്രഹനിലയിൽ കേതുവിനെ അടയാളപ്പെടുത്തുന്നു. രാഹു നിൽക്കുന്ന രാശിയിൽനിന്നു കൃത്യം 180 ഡിഗ്രി അകലത്തിലാണ് കേതു സ്ഥിതി ചെയ്യുന്നത്. അതായതു 7 മത്തെ രാശിയിൽ. 

കേതു രാഹുവിനെ പോലെ ഒരു അശുഭഫലം നൽകുന്ന ഗ്രഹമാണെങ്കിലും ഒരു വ്യക്തിയെ ആത്‌മീയതയിലേക്കു തിരിക്കുന്ന ഒരു ഗ്രഹമാണ് കേതു. മോക്ഷം, ആത്മജ്ഞാനം, ആത്‌മീയത,ലൗകീകവിഷയങ്ങളോടുള്ള വിരക്തി എന്നിവയെ കേതു എന്ന ഗ്രഹം പ്രതിനിധാനം ചെയ്യുന്നു . 

കേതുവിനെകൊണ്ട് മോക്ഷം, ആത്‌മീയത, സന്ന്യാസം, വിരക്തി, നഷ്ടങ്ങൾ, നിഗൂഢത, ജ്ഞാനം, ദുഃഖം, ചാഞ്ചല്യം, കോപം, വിഷാദം എന്നിവയെ ചിന്തിക്കുന്നു.

കേതുവിന്‌ ശനി, ശുക്രൻ, ബുധൻ എന്നിവർ മിത്രങ്ങളും. വ്യാഴം സമനും. സൂര്യൻ, ചന്ദ്രൻ, ചൊവ്വ എന്നിവർ ശത്രുക്കളുമാകുന്നു. 

ഇടവം, കന്നി, വൃശ്ചികം, ധനു, മീനം എന്നീ രാശികളിൽ കേതു നിന്നാൽ അത്യന്തം ഗുണഫലദായകനാണ് .

കേതു ഒരു നപുംസക ഗ്രഹമാണ്.

രാഹുവിനേക്കാൾ ശാന്തനും സാത്വികനുമാണ് കേതു. അതിലും വിശേഷിച്ചു കേതു തനിച്ചു ഒരു രാശിയിൽ നിന്നാൽ അവൻ തീരെ അപകടകാരിയല്ല. അവന്റെ ദശാകാലത്തു കുറെ ക്ലേശങ്ങൾ ഉണ്ടാക്കുമെന്നുമാത്രം. 


ഗുളികൻ 

മേൽപ്പറഞ്ഞ ഗ്രഹങ്ങൾക്ക് അദൃശ്യഉപഗ്രഹങ്ങളും ഉണ്ട്. അതിൽ പ്രധാനം ഗുളികനാണ്. ഗുളികൻ പാപഗ്രഹമാണ്. ഗുളികൻ നിൽക്കുന്ന ഭാവങ്ങളിലും ഗുളികയോഗമുള്ള ഗ്രഹങ്ങൾക്കും പാപത്വം ഉണ്ടാക്കുന്നതായാണ് ജ്യോതിഷം പറയുന്നത്. ശനിയുടെ പുത്രനാണ് ഗുളികൻ. ഗുളികനിൽ ഉള്ള ശുഭഗ്രഹ ദൃഷ്ടി അതിന്റെ ദോഷഫലങ്ങൾ കുറക്കുന്നു. 


Below is the Google Play Store Installation Link:
https://play.google.com/store/apps/details?id=com.spiritualquotes.app
(Android application)



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ജ്യോതിഷം - ജാതകത്തിന്റെ 12 ഭാവങ്ങളും അതിന്റെ കരകത്വങ്ങളും

Importance Of Ishta Devatha or Chosen Ideal