ഭക്തമാല - ഈശ്വരന്റെ സർവകാല മഹാ ഭക്തോത്തമന്മാർ

 ഓം ഹരിഃ ശ്രീ ഗണപതയെ നമഃ; 

അവിഘ്നമസ്തു; 

ശ്രീ ഗുരുഭ്യോ നമഃ


ഈ ബ്ലോഗ് പോസ്റ്റ് ശ്രീമന്നാരായണമൂർത്തിയുടെ ചരണങ്ങളിൽ ഞാൻ സമർപ്പിക്കുന്നു 


സുഹൃത്തുക്കളെ,

ഈ ബ്ലോഗ് പോസ്റ്റിന്റെ പ്രധാന ഉദ്ദേശം സനാതന ധർമ്മത്തിന്റെ  ഭക്തിമാർഗ്ഗത്തിലെ മഹാ ഭക്തരെ നിങ്ങൾക്ക് മുന്നിൽ പരിചയപ്പെടുത്തുക എന്നതാണ് .  ഇവരെല്ലാം അവർ ജീവിച്ചിരുന്ന കാലഘട്ടത്തിലെ മഹാ ഭക്തന്മാരും ദിവ്യ വ്യക്തിത്വങ്ങളും ആയിരുന്നു.  ഈ മഹാഭക്തർ അവരുടെ ജീവിതത്തിലൂടെ ഭക്തിയുടെ ഉച്ചതമമായ അവസ്ഥയെ എങ്ങനെ ഒരുവന് കൈവരിക്കാം എന്നും യഥാർഥ ഭക്തിയുടെ ഭാവം എന്തെണെന്ന്  നമുക്ക് ഒരു തിരിച്ചറിവ് ഉണ്ടാക്കിത്തരുന്നു. 


ശ്രീ രാമകൃഷ്ണ പരമഹംസദേവൻ ഒരിക്കൽ പറഞ്ഞു : 

" ഈ മനുഷ്യജന്മത്തിന്റെ ലക്ഷ്യം ഈശ്വരനെ പ്രേമിക്കുക എന്നതിനാണ്, അതിനു ഭക്തി ആണ് പ്രധാനം. ഇശ്വരസാക്ഷാത്‍കാരത്തിനു ജ്ഞാന മാർഗ്ഗം വളരെ കഠിനമാണ് . "


എല്ലാ മഹാഭക്തരും അവരവരുടെ കാലഘട്ടത്തിന് മുൻപ് ജീവിച്ചിരുന്ന മറ്റ് മഹാഭക്തരുടെ ജീവിതകഥകളിൽ വളരെ താല്പര്യം പ്രകടിപ്പിച്ചവരായിരുന്നു. ആ ദിവ്യ ജീവിതങ്ങളിൽനിന്ന് അവർ ഭക്തിയുടെ യഥാർത്ഥ മൂല്യങ്ങൾ വേർതിരിച്ചെടുത്തിരുന്നു. ഭക്തിയുടെ പാതയിലെ നല്ലതും ചീത്തയുമായ നവഉപായങ്ങൾ അവർക്കു തിരിച്ചറിയാനും അതിനെക്കുറിച്ചെല്ലാം ആത്യന്തികമായ ഒരു നിർണ്ണയത്തിലെത്തിച്ചേരാനും അവർക്കു സാധിച്ചത് ആ മഹത് ചരിതങ്ങളിലൂടെയായിരുന്നു. 


എല്ലാ ഭക്തന്മാർക്കും ഈശ്വരാനുഗ്രഹം ലഭിക്കാൻ അവരവരുടെ ജീവിതത്തിൽ അവർ ഇശ്വരനോടുള്ള അവന്റെ  സമീപനങ്ങൾ എങ്ങനെ വേണം എന്ന് ആദ്യമേ തന്നെ മനസ്സിലാക്കേണ്ടതാണ്. ഈ ശരിയാ സമീപനങ്ങൾ പ്രായോഗികവും അത് തുടർന്നു കൊണ്ടുപോകാൻ സാധിക്കുന്നതുമാകണം. അങ്ങനെ സ്ഥിരമായ ഒരു ഉപാസന നമ്മേ ഈശ്വര പാദത്തിൽ കൊണ്ടുചെന്നെത്തിക്കും എന്നതിൽ സംശയമില്ല.


ഈ ബ്ലോഗ് പോസ്റ്റിൽ താഴെ കൊടുത്തിരിക്കുന്ന മഹാഭക്തന്മാരുടെ ക്രമം അവരുടെ ജീവിതകാലഘട്ടത്തിനെ മാത്രം ആസ്പതമാക്കിയിട്ടുള്ളതാണെന്ന് ദയവായി മനസ്സിലാക്കണം  


എല്ലാവർക്കും ബ്ലോഗിലേക്ക് സുസ്വാഗതം 


നാരദമുനി 

മഹാവിഷ്ണുവിന്റെ മഹാഭക്തനും ബ്രഹ്മർഷിയുമായിരുന്നു നാരദമുനി. ഈരേഴു പതിനാലു ലോകത്തിലും സദാ വീണമീട്ടി നാരായണ സ്തുതികൾ പാടിയും നാരായണ കഥകൾ പ്രചരിപ്പിച്ചും ആ ഭക്തോത്തമൻ സഞ്ചരിച്ചുകൊണ്ടിരുന്നു. ഭക്തിയോഗത്തിലെ വളരെ വിശേഷപ്പെട്ട ഗ്രന്ഥമായ നാരദഭക്തിസൂത്രം നാരദമുനിയുടേതാണ്. ഒരിക്കൽ ശ്രീ രാമകൃഷ്ണപരമഹംസദേവൻ പറഞ്ഞു : കലിയുഗത്തിൽ ഈശ്വര സാക്ഷാത്ക്കാരത്തിന് നാരദമുനിയാൽ ഉപദേശിക്കപ്പെട്ട ഭക്തി മാർഗ്ഗം ആണ് ഏറ്റവും എളുപ്പം. 


പ്രഹ്ലാദൻ 

അസുരരാജാവായിരുന്ന  പ്രഹ്ലാദൻ മഹാവിഷ്ണുവിന്റെ മഹാ ഭക്തനായിരുന്നു. വളരെ ചെറുപ്രായത്തിൽത്തന്നെ പ്രഹ്ലാദൻ വിഷ്ണുഭക്തി പ്രകടിപ്പിച്ചിരുന്നു. അതിനാൽത്തന്നെ അത് നിരാലംബമായ പരിശുദ്ധ ഭക്തിയായിരുന്നു. പ്രഹ്ലാദന്റെ ഭക്തി ഭക്തിമാർഗ്ഗത്തിൽ മാതൃകാപരമായ ഒന്ന് തന്നെ ആണ് എന്ന് അഭിപ്രായം. 


രാധ 

ശ്രീകൃഷ്ണഭഗവാന്റെ ബാല്യകാലസഖിയും പ്രണയിനിയും ഭാര്യയും രാസക്രീഡയുടെ അധിദേവിയും ആണ് രാധിക. വൃന്ദാവനത്തിലെ രാധ ഗോപികമാരുടെ ഇടയിലെ മുഖ്യയായിരുന്നു. ശ്രീകൃഷ്ണഭഗവാനോടുള്ള പരമമായഭക്തിയുടെ മൂർത്തിമദ്ഭാവമായിരുന്നു രാധ. ശ്രീകൃഷ്ണഭഗവാനോടുള്ള രാധയുടെ സ്നേഹം സ്വയമേവയുള്ളതും ലൈംഗികാഭിലാഷങ്ങളില്ലാത്തതുമാണ്. ശ്രീകൃഷ്ണഭഗവാനിൽ സ്വയം സമർപ്പിച്ച ഭക്തിയുടെ പ്രതീകമാണ് രാധ. രാധ പ്രേമഭക്തിയുടെ പൂർണസ്വരൂപമാണ്. സച്ചിദാനന്ദനെ ഒരുവൻ എങ്ങനെയാണു പ്രേമിക്കേണ്ടത് എന്ന്  രാധ തന്റെ ജീവിതംകൊണ്ട് നമ്മെ കാണിച്ചുതന്നു.


ഹനുമാൻ 

വായുപുത്രനായ ഹനുമാൻ ഒരു ദിവ്യ വാനരനും ശ്രീരാമഭഗവാന്റെ ഏറ്റവും വലിയ ഭക്തനുമായിരുന്നു. ഹനുമാന്റെ വിശ്വവിഖ്യാതമായ രാമഭക്തി രാമായണത്തിലും മഹാഭാരതത്തിലും കൂടാതെ മറ്റുപല വൈഷ്‌ണവപുരാണങ്ങളിലും ദർശിക്കാൻ സാധിക്കും. ചിരഞ്ജീവിയായ ഹനുമാൻ എന്നേയ്ക്കുമായി തന്റെ ജീവിതം ശ്രീരാമപാദങ്ങളിൽ സമർപ്പിച്ച ഒരു മഹാ ഭക്തോത്തമനായിരുന്നു.  


ധ്രുവൻ 

ധ്രുവൻ ഒരു മഹാനായ വിഷ്ണുഭക്തൻ ആയിരുന്നു. വളരെ ചെറുപ്രായത്തിൽ വീടുവിട്ടിറങ്ങി നാരദമുനിയുടെ ഉപദേശം സ്വീകരിച്ചു കൊടുംകാട്ടിൽ അതി കഠിനമായ തപസ്സു ചെയ്തു. ആ ഘോര തപസ്സിന്റെ ഫലമായി ഭഗവാൻ പ്രീതനാകുകയും വളരെ ദൗർലഭ്യമായ ദർശനം നൽകി അനുഗ്രഹിച്ചു. വളരെ ദുലഭമായ വിഷ്ണുദർശനം ലഭിച്ച ആ ഭക്തോത്തമൻ ലൗകീകമായ ഒരു വരവും ചോദിക്കാതെ പരിശുദ്ധമായ ഇശ്വരജ്ഞാനം മാത്രം ചോദിച്ചു. ആ ചെറുപ്രായത്തിൽ ആരംഭിച്ച നിഷ്കളങ്ക ഭക്തി ധ്രുവനെ പ്രപഞ്ചത്തിലെ നക്ഷത്രങ്ങളുടെ ഇടയിലെ ഒരു വാൽ നക്ഷത്രം ആക്കി മാറ്റി. 


മാർക്കണ്ഡേയൻ 

മാർക്കണ്ഡേയൻ വളരെ വിശിഷ്ടനായ ശിവഭക്തനായിരുന്നു. അദ്ദേഹം സനാതനധർമ്മത്തിലെ എല്ലാ വിഭാഗങ്ങളുടെ ഇടയിലും സമാദരണീയനായിരുന്നു. അൽപ്പായുസ്സുമാത്രം ഉണ്ടായിരുന്ന ബാലനായ മാർക്കണ്ഡേയനെ യമദേവൻ യമപുരിയിലേക്കു കൊണ്ടുപോകാൻവന്നപ്പോൾ  മാർക്കണ്ഡേയന്റെ ദൃഢവും നിഷ്കളങ്കമായ ശിവഭക്തിമൂലം പരമശിവൻ പ്രത്യക്ഷപ്പെട്ട് യമനെത്തന്നെ നിഗ്രഹിച്ച ആ പ്രശസ്തമായ പുരാണകഥയിലെ മാർക്കണ്ഡേയനാണ് ഈ മഹാഭക്തൻ.  പിന്നീട് നിഗൂഢമായ മഹാമായയുടെ രഹസ്യം മനസ്സിലാക്കാൻ ദീർഘകാലം കഠിനതപസ്സനുഷ്ഠിച്ചു മഹാവിഷ്ണുവിന്റെ അനുഗ്രഹത്തോടെ അപൂർവങ്ങളിൽ അപൂർവമായ ആ ജ്ഞാനം നേടി. 


അംബരീഷൻ 

അംബരീഷൻ വിഷ്ണുഭഗവാന്റെ വളരെ പ്രശസ്തനയാ ഒരു മഹാഭക്തോത്തമൻ ആയിരുന്നു. സമാനതകളില്ലാത്ത അതിശക്തമായ ഒരു സാമ്രാജ്യത്തിന്റെ ചക്രവർത്തിയായിരുന്നിട്ടുപോലും അംബരീഷൻ വിഷ്ണു ഭഗവാന്റെ ഒരു വെറും ദാസൻ എന്ന ഭാവത്തിൽ മാത്രമേ ജീവിച്ചുപോന്നുള്ളു. വിഷ്ണുഭഗവാനെ പ്രീതിപ്പെടുത്തുക എന്ന ഏക ഉദ്ദേശാർത്ഥം വളരെ മഹത്വപൂർണ്ണമായ ഏകാദശിവൃതം പതിവുതെറ്റാതെ തുടർന്ന് സർവ്വർക്കും മാതൃകയായി ഈ ഭക്തോത്തമൻ. നിരന്തരമായ ഭഗവത് സ്മരണയോടെ ജീവിതംനയിച്ച അംബരീഷൻ വിഷ്ണു ഭഗവാന്റെ അനുഗ്രഹത്തിന്പാത്രമായി. ധാരാളം ശതൃക്കൾ ഉണ്ടായിരുന്ന അംബരീഷന് ഭഗവാൻ സംരക്ഷണത്തിനായി തന്റെ സുദർശനചക്രം കൊടുത്ത ഭാഗവതകഥ വളരെ പ്രശസ്തമാണല്ലോ. 


ഉദ്ധവർ 

വളരെ ഭാഗ്യംചെയ്ത കൃഷ്ണഭഗവാന്റെ ഒരു മഹാ ഭക്തനായിരുന്നു ഉദ്ധവർ. കാരണം കൃഷ്ണഭഗവാന്റെ  ഒരു സുഹൃത്തും നയതന്ത്ര ഉപദേശകനും സന്തത സഹചാരിയുമായിരുന്നു ഉദ്ധവർ അങ്ങനെ വളരെ അപൂർവമായ കൃഷ്ണഭഗവാന്റെ സാന്നിധ്യംകൊണ്ട് അനുഗ്രഹീതമായ ഒരു ജീവിതമായിരുന്നു ഉദ്ധവരുടേത്.  ഉദ്ധവർക്ക് വളരെ ചെറുപ്പത്തിൽത്തന്നെ ദൃഢമായ കൃഷ്ണഭക്തി ഉണ്ടായിരുന്നു. കംസനിഗ്രഹത്തിനുശേഷം ഉദ്ധവർ കൃഷ്ണഭഗവാനോടു കൂടെ ചേർന്നു. ശ്രീകൃഷ്ണാവതാരത്തെ കുറിച്ച് മനസിലാക്കാനുള്ള അനുഗ്രഹം സിദ്ധിച്ച ആ ഭക്തോത്തമനെ ആണ് പിന്നീട് ഭഗവാൻ അത്യുച്ചമായ കൃഷ്ണഭക്തി എന്തെന്ന് കാണിച്ചുകൊടുക്കാൻ വൃന്ദവനത്തിലെ ഗോപികമാരുടെ അടുക്കലേക്ക്അയച്ചത്. അങ്ങനെ കൃഷ്ണഭക്തിയുടെ മഹാഭാവത്തിലെത്തിച്ചേർന്ന ആ ഭക്തോത്തമൻ പിന്നീട് ഭഗവാന്റെ വേർപാടിന്റെ സൂചനമനസ്സിലാക്കി കടുത്ത ദുഖത്തിലാണ്ടുപോയി. തന്റെ വേർപാടിനുശേഷമുള്ള കാലം തുടരേണ്ട ആത്‌മീയഉപദേശങ്ങൾ നൽകി ഭഗവാൻ ഉദ്ധവരെ അനുഗ്രഹിച്ചു. തന്റെ ഭക്‌തനുമായി കൂടുതൽ സാമീപ്യം തുളുമ്പുന്ന ആ ഉപദേശങ്ങളെ ഉദ്ധവ ഗീത എന്നാണ് പിന്നീട് ഭക്തലോകം അറിഞ്ഞത്.  


സുദാമ (കുചേലൻ)

സുദാമ കൃഷ്ണഭഗവാന്റെ പ്രിയഭക്തനായിരുന്നു. സാന്ദീപനിമഹർഷിയുടെ ആശ്രമത്തിൽ കൃഷ്ണഭഗവാനും സുദാമയും ഒരുമിച്ചു പഠിച്ചകാലത്തു അവർ ഉറ്റ സ്നേഹിതരായി മാറി. തന്റെ ദരിദ്രമായ ജീവിതത്തെ സുഹൃത്തഭാവത്തിലുള്ള കൃഷ്ണഭക്തികൊണ്ട് ആ സാധു സമ്പന്നമാക്കി. തന്റെ എളിമയോടുകൂടിയുള്ള ജീവിതത്തിൽ അദ്ദേഹം ഒന്നിനും വേണ്ടി മോഹിച്ചിരുന്നില്ല. കൃഷ്ണഭഗവാൻ തരുന്നത് മാത്രം സ്വീകരിക്കുന്നു എന്ന ഭാവമായിരുന്നു ആ ഭക്തോത്തമന്റെ. അവിടുത്തെ ഇച്ഛയാൽ, കൃഷ്ണഭഗവാൻ തന്റെ പ്രിയപ്പെട്ട സഹപാഠിയെ വർഷങ്ങൾക്കുശേഷം ദ്വാരകയിൽവച്ചു വീണ്ടും കണ്ടു, അന്ന് സുദാമ ദാരിദ്ര്യത്തിന്റെ പരമകാഷ്ടിയിൽ നിസ്സഹായനായി ഒരു സഹായം മാത്രം അഭ്യർത്ഥിച്ചായിരുന്നു അവിടെ എത്തിയത്.  തുടർന്നുണ്ടായ സുദാമയുടെ അനുഭവം കൃഷ്ണഭഗവാന്റെ കരുണയുടെയും ഭക്തവാത്സല്യത്തിന്റെ ഉത്തമഉദാഹരണം ആയി ഭക്തസഹസ്രങ്ങൾ ഇന്നും പാടിപ്പുകഴ്ത്തുന്നു. 




ശുകദേവൻ 

ശുകദേവൻ വിഷ്ണുഭഗവാന്റെ വലിയ ഭക്തനായിരുന്നു. മോക്ഷാർത്ഥം പരീക്ഷിത്തുരാജാവിനു ശ്രീമദ് മഹാഭാഗവത പുരാണം ഉപദേശിച്ച ആ മഹാഇശ്വരജ്ഞാനിയായിരുന്നു ശുകദേവൻ. പൂർവ്വജന്മത്തിൽ ശുകദേവൻ ഒരു തത്തയായിരുന്നു. പരമശിവൻ പാർവതിക്ക് വിഷ്ടമായ ശ്രീമദ് ഭാഗവതം ഉപദേശിക്കുന്നത് രഹസ്യമായികെട്ട തത്തയാണ് പിന്നീട് വേദവ്യാസന്റെ മകനായി പിറന്ന ശുകദേവൻ. എവിടെയും അലഞ്ഞുതിരിഞ്ഞുനടക്കുന്ന ശരീരബോധം തീരെയില്ലാത്ത ഒരു ബ്രഹ്മജ്ഞാനിയായിരുന്നു ശുകദേവൻ. എല്ലായ്‌പോഴും നിർവികല്പസമാധിയിൽ ലയിച്ചിരിക്കുന്ന ഒരു ദിവ്യനായിട്ടാണ് ശുകദേവനെ ലോകം അറിയുന്നത്. 


മീരാഭായി 

ശ്രീകൃഷ്ണഭഗവാന്റെ വളരെ വലിയ ഒരു ഭക്തയായിരുന്നു മീരാഭായി. ശ്രീകൃഷ്ണഭഗവാനോടുള്ള ഭ്രാന്തമായ ഭക്തിയിൽ സ്വയം മറക്കുന്ന വൃന്ദാവനത്തിലെ ഗോപികമാരെയാണ് മീരാഭായിയിൽ നമുക്ക് കാണുവാൻ സാധിക്കുക. തന്റെ ജീവിതത്തിൽ ധാരാളം കൃഷ്ണഭക്തികൃതികൾ രചിച്ച മീരാഭായിയുടെ കൃതികളിൽ ഉടനീളം ശ്രീകൃഷ്ണഭഗവാനോടുള്ള  തീവ്രമായമായ വിരഹത്തിന്റെ ഭാവമാണ് പ്രതിഫലിച്ചിരുന്നത്. മീരാഭായിയുടെ പ്രേമഭക്തി നിറഞ്ഞ കൃഷ്‌ണകൃതികൾ ഒട്ടനവധിപേരെ ഭക്തിയോഗമാർഗ്ഗത്തിലേക്കു ആകർഷിച്ചു. സമകാലികരായ  പല മഹത് വ്യക്തിത്വങ്ങളെയും മീരാഭായിയുടെ ഉന്നതമായ ഭക്തിഭാവം നേരിട്ടനുഭവിച്ചു. 


തുളസിദാസ്‌ 

രാമഭക്തിയിൽ പിറന്ന് രാമഭക്തിയിൽ വളർന്ന്, രാമഭക്തിയിൽ വിലയിച്ച ഒരസാധാരണ മഹാത്മാവായിരുന്നു മഹാകവി തുളസീദാസൻ. വളരെ ചെറുപ്പത്തിൽത്തന്നെ അചഞ്ചലമായ രാമഭക്തി തുളസിദാസ്‌ പ്രകടിപ്പിച്ചുരുന്നു. പിന്നീട് വളരെ പ്രശസ്തനായ ഒരു മഹാകവിയായിമാറിയ തുളസിദാസ്‌  "രാമചരിതമാനസ് " എന്ന പേരിൽ സാധാരണ ജനങ്ങളുടെ ഭാഷയിൽ ഒരു മഹാകാവ്യം രചിച്ച്‌ ആ മഹാകൃതി പിന്നീട് ഒരു  സാധാരണ മനുഷ്യന്റെ മനസ്സിൽ പരിശുദ്ധമായ രാമഭക്തി ജനിപ്പിക്കുന്നതിനു കാരണമായി. ജീവിതത്തിലുടനീളം ദൃഢമായ രാമഭക്തി വച്ചുപുലർത്തിയുരുന്ന തുളസീദാസിന് ഭഗവാൻ രാമൻ ദർശനം നൽകി അനുഗ്രഹിച്ചു. 


ജയദേവൻ 

വിഷ്ണുഭഗവാന്റെ വലിയൊരു ഭക്തനായിരുന്നു ജയദേവൻ. ജയദേവൻ ഒരു മഹാകവികൂടിയായിരുന്നു, അദ്ദേഹം "ഗീതാ ഗോവിന്ദം " എന്ന മഹാകാവ്യം രചിച്ചു വൃന്ദാവനത്തിലെ ഗോപികമാരുടെ, പ്രത്യേകിച്ച് രാധക്ക് കൃഷ്ണനോടുള്ള, ദിവ്യമായ ആ ഭക്തിയെ രചിച്ചു വർണ്ണിച്ചു. കൃഷ്ണഭക്തരായ ഗോപികമാരിൽ രാധക്കുള്ള പ്രത്യേകസ്ഥാനം ഈ മഹാകാവ്യത്തിൽ വ്യക്തമായി അവതരിപ്പിക്കുന്നു. എന്തിനു അധികം പറയുന്നു, കേരളത്തിലെ വൈഷ്‌ണവക്ഷേത്രങ്ങളിൽ അഷ്ടപതിയായി എത്രയോ കാലങ്ങളായി ആലപിച്ചു പോരുന്ന കൃഷ്ണഭഗവാന്റെ ഒരു പ്രിയകാവ്യമാണിത്. 


വില്വമംഗലം സ്വാമിയാർ

ശ്രീഗുരുവായൂരപ്പന്റെ വലിയ ഒരു ഭക്തനായിരുന്നു വില്വമംഗലം സ്വാമിയാർ. തന്റെ ജീവിതത്തിന്റെ പൂർവ്വകാലത്തിൽ ഭാര്യയോടുള്ള തന്റെ പൂർണമനസ്സോടെയുള്ള അതിതീവ്രവുമായ പ്രേമം ഭാര്യയാൽ തന്നെ തിരിച്ചറിഞ്ഞു അതു പിന്നീട്  ശ്രീഗുരുവായൂരപ്പന്റെ പാദപത്മങ്ങളിലേക്കായി മാറിയ കഥ അതിപ്രശസ്തമാണല്ലോ. ഭഗവാൻ കൃഷ്ണന്റെ, ശ്രീഗുരുവായൂരപ്പന്റെ , നിരന്തര ദിവ്യ ദർശനസൗഭാഗ്യം ലഭിക്കാൻ അനുഗ്രഹം സിദ്ധിച്ച  അദ്ദേഹത്തിന്റെ ആത്മകഥ എത്രയോ വർഷങ്ങൾക്കു മുൻപുതന്നെ ലോകപ്രശസ്തമായതാണല്ലോ. ശ്രീകൃഷ്ണകഥാമൃതം എന്ന പേരിൽ സ്വാമിയാർ രചിച്ച ഭക്തകാവ്യം രാധക്ക് ഗോപികമാരുടെ ഇടയിലെ മുഖ്യമായ സ്ഥാനം വ്യക്തമാക്കിയ ആദ്യ ഭക്തരചനകൂടി ആണെന്ന് പറയപ്പെടുന്നു. 


ശ്രീ ചൈതന്യമഹാപ്രഭു 

ബംഗാളിന്റെ ഉൾപ്രദേശങ്ങളെയും തെരുവോരങ്ങളെയും ശ്രീകൃഷ്ണഭക്തിയിൽ ആറാടിച്ച ദിവ്യാത്മാനാണ് ശ്രീ ചൈതന്യമഹാപ്രഭു. ശ്രീ ചൈതന്യമഹാപ്രഭുവിൽ ഭക്തസഹസ്രങ്ങൾ കൃഷ്ണനെയും രാധയെയും ഒരുപോലെ കണ്ടാരാധിച്ചു. കൃഷ്ണപ്രേമം നിറഞ്ഞു തുളുമ്പുന്ന കൃഷ്ണഭക്തികീർത്തനങ്ങൾ ആലപിച്ചുകൊണ്ടും കൃഷ്ണഭക്‌തരോടുകൂടെയുള്ള നൃത്തചുവടുകളോടെയും വളരെ വിശേഷപ്പെട്ട ഒരു ആരാധന സമ്പ്രദായം ഭക്തലോകം അന്ന് അവിടെ ആദ്യമായി കണ്ടു. ഭഗവാന്റെ നാമത്തിന്റെ ശക്തി അറിയാമായിരുന്ന ശ്രീ ചൈതന്യമഹാപ്രഭു,  ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ മാഹാത്മ്യം ലൗകീകരായ ജനങ്ങൾക്ക് പഠിപ്പിച്ചു കൊടുത്തു. സർവ്വജനങ്ങളോടും അവിടുത്തേക്ക്‌ ഉണ്ടായിരുന്ന ദയ അനുകമ്പ പറയേണ്ട ഒന്നുതന്നെയാണ്.  കലിയുഗത്തിലെ ഏറ്റവും ഫലപ്രദമായ യോഗമാർഗ്ഗം ഭക്തിയുടേതാണെന്നു പഠിപ്പിച്ച  ശ്രീചൈതന്യമഹാപ്രഭു വൈഷ്ണവ ഭക്തഹൃദയങ്ങളിൽ എന്നും വഴികാട്ടിയായി പ്രകാശിച്ചു നിൽക്കുന്ന ഒരു മഹാഗുരുവാണ് . 

നിത്യാനന്ദപ്രഭു 

ശ്രീ ചൈതന്യമഹാപ്രഭുവിന്റെ ആത്മാർത്ഥ സുഹൃത്തും മുഖ്യ ശിഷ്യനും ആയിരുന്നു നിത്യാനന്ദപ്രഭു. നിമയ്‌ - നിതയ് എന്ന് പ്രസിദ്ധമായ ഗുരുശിഷ്യന്മാർ കൃഷ്ണയും ബാലരാമാനുമായാണ്  ഗൗഡിയ വൈഷ്ണവ ഭക്തസമൂഹം അവരെ കാണുന്നത്. സദാ സമയവും കൃഷ്ണ പ്രേമഭക്തിയിൽ സ്വയം മറന്ന ഒരു ജീവിതമായിരുന്നു  ശ്രീ നിത്യാനന്ദപ്രഭുവിന്റേത്. ഗുരുവായ ശ്രീ ചൈതന്യമഹാപ്രഭുവിനോടൊത്തു പരമാനന്ദത്തിൽ മതിമറന്നു നാമസങ്കീർത്തങ്ങൾ ആലപിച്ചുകൊണ്ടായിരുന്നു നിത്യാനന്ദപ്രഭുവിന്റെ ജീവിതം. ശ്രീ ചൈതന്യമഹാപ്രഭുവിനാൽ  ഉദ്‌ഘോഷിക്കപ്പെട്ട ഹരിനാമ സങ്കീർത്തന മാഹാത്മ്യം സംസാര സാഗരത്തിൽ മുങ്ങിപ്പോയ ജനകോടികളിൽ എത്തിച്ചതും അവരെ കൈപിടിച്ചുയുർത്തിയതും അനുകമ്പസാഗരമായ നിത്യാനന്ദ പ്രഭുവാണ്. 15-ആം നൂറ്റാണ്ടിൽ കിഴക്കൻ ഭാരതത്തിൽ ക്ഷയിച്ചുപോയ  സനാതന ധർമ്മത്തെ പുനരുജ്ജീവിപ്പിച്ച ദിവ്യാവതാരമായിരുന്നു ശ്രീനിത്യാനന്ദപ്രഭു.


പൂന്താനം നമ്പൂതിരി 

ഗുരുവായൂരപ്പന്റെ വളരെ വലിയ ഭക്തനായിരുന്നു പൂന്താനം നമ്പൂതിരി. ഭഗവതപാരായണത്തിലൂടെയും നിഷ്കളങ്കമായ ഭക്തിതുളുമ്പുന്ന ലളിതമായ കീർത്തങ്ങളിലൂടെയും  ഭക്തഹൃദയങ്ങളെ ആന്ദത്തിലാറാടിച്ച ഭക്തോത്തമനായിരുന്നു പൂന്താനം. ഇന്നും അദ്ദേഹത്തെ ഭക്തമനസ്സുകളിൽ ചിരഞ്ജീവിയാക്കുന്നത് വേറെ ഒന്നുമല്ല അദ്ദേഹത്തിന്റെ സാര്‍വ്വത്രികവും സാര്‍വ്വകാലീനവുമായ അമൂല്യകലാസൃഷ്‌ടിയായ "ജ്ഞാനപ്പാന" എന്ന  മലയാളഭാഷയിൽ എഴുതപ്പെട്ട  ഭക്‌തികാവ്യത്തിലൂടെയാണ്. ഏതു സാധരണക്കാരനും ഒറ്റകേൾവിയിൽ കൃഷ്ണഭക്തി ജനിപ്പിക്കുന്ന അദ്ദേഹത്തിന്റെ കൃതികളിലും അദ്ദേഹത്തിന്റെ പരിശുദ്ധവും നിഷ്കളങ്കമായ ഭക്തിയിലും ഭഗവാൻ വളരെയേറെ പ്രീതനായിരുന്നു. ലളിതമായ മലയാളഭാഷയിൽ മാത്രം ഭക്തകാവ്യങ്ങൾ രചിച്ചുപോന്ന അദ്ദേഹത്തിന്റെ കൃതികൾ ആക്കരണംകൊണ്ടുതന്നെ ഒരിക്കൽ ഒരു വലിയ സംസ്‌കൃത പണ്ഡിതൻ തിരസ്കരിച്ചപ്പോൾ ഭഗവാൻ ഗുരുവായൂരപ്പൻതന്നെ നേരിട്ട് ഇങ്ങനെ അരുൾചെയ്തു "പൂന്താനത്തിന്റെ ഭക്തിയാണ് പണ്ഡിതരുടെ വിഭക്തിയേക്കാൾ എനിക്ക് കൂടുതൽ പ്രിയം"


രാംപ്രസാദ്‌ സെൻ 

രാംപ്രസാദ്‌ സെൻ ജഗദംബികയായ കാളി മാതാവിന്റെ വലിയ ഭക്തനായിരുന്നു. ഭക്തകൃതികളിലൂടെയും കീർത്തനാലാപനങ്ങളിലൂടെയും അദ്ദേഹം തന്റെ ആത്മാർത്ഥമായ മാതൃഭാവത്തിലുള്ള കാളീഭക്തിയെ അത്യുച്ചഭാവത്തിലെത്തിച്ചു. ഗുരുപദേശപ്രകാരം കഠിനമായ താന്ത്രിക   ഉപാസനയിലൂടെ കാളീമാതാവിന്റെ അനുഗ്രഹത്തിന് പാത്രമാകുകയും രാംപ്രസാദിന് കാളീമാതാവ് തന്റെ ദിവ്യദർശനം നൽകി അനുഗ്രഹിക്കുകയും ചെയ്തു.  അദ്ദേഹത്തിന്റെ കവിതകളിലുടനീളം കാളീമാതാവിന്റെ നേരിട്ടുള്ള ദിവ്യ ദർശനങ്ങളുടെ വർണ്ണനകളാണ്. പിന്നീട് ശ്രീ രാമകൃഷ്ണപരമഹംസദേവന്റെ ജീവിതത്തിലെ നിർണായകമായ ഘട്ടത്തിൽ തന്റെ ദിവ്യമാതാവായ കാളിയുടെ ദർശനത്തിനു വേണ്ടിയുള്ള ചിന്തകളെ തീവ്രമാക്കിയത് രാംപ്രസാദ്‌ സെന്നിന്റെ കാളിസാന്നിധ്യം നിറഞ്ഞുതുളുമ്പുന്ന ഈ കാവ്യങ്ങളായിരുന്നുവത്രെ.   


ഒരിക്കൽ ശ്രീരാമകൃഷ്ണപരമഹംസദേവൻ പറഞ്ഞു 

" രാംപ്രസാദിന് ദൈവസാക്ഷാത്‍കാരം ലഭിച്ചിട്ടുണ്ട് അതുകൊണ്ടാണ് അദ്ദേഹത്തിന്റെ ഗാനങ്ങൾ ഇത്രയധികം ആകർഷകമാകുന്നത് ". 


കമലകാന്താൻ 

രാംപ്രസാദിന്റെ അതെ പാത പിന്തുർടന്ന സർവ്വ ജനനിയായ കാളീമാതാവിന്റെ ഒരു മഹാ ഭക്തനായിരുന്നു കമലകാന്തൻ. ഒരു താന്ത്രിക സിദ്ധനും  മഹായോഗിയും ഒരു വലിയ കാളിഭക്തകവിയുമായിരുന്നു കമലകാന്തൻ. രാംപ്രസാദിന്റെ ഭക്തികാവ്യങ്ങളുടെ മാതൃകയിലുള്ള കാവ്യരചനകളാണ് കമലകാന്തന്റെയും. വളരെ ചെറുപ്രായത്തിൽത്തന്നെ ആത്‌മീയത ചിന്തകളിൽ തല്പരനായിരുന്ന കമലകാന്തൻ വളർന്നപ്പോൾ കാളിമാതാവിന്റെ വലിയൊരു ഭക്തനായിമാറി. ഗുരുപദേശപ്രകാരം അസാധാരണമായ താന്ത്രിക സാധനകളിലൂടെ അദ്ദേഹം തന്റെ ഇഷ്ടദേവതയായ കാളീമാതാവിന്റെ ദർശനുഗ്രഹസൗഭാഗ്യം നേടി. അദ്ദേഹം രചിച്ച കാളീഭക്തികാവ്യങ്ങൾ സ്വന്തം ജീവിതകാലത്തുതന്നെ പ്രശസ്തമാകുകയും അവ രാജപ്രീതിക്കുവരെ പാത്രമാകുകയും ചെയ്തു. 

കമലകാന്തന്റെ ഭക്തികീർത്തനങ്ങൾ കേൾക്കുന്നമാത്രയിത്തന്നെ ശ്രീരാമകൃഷ്ണപരമഹംസൻ കാളീമാതാവിന്റെ ഭക്തിയിൽ സംപൂർണനിമഗ്നനായിമാറുമായിരുന്നു. 


ശ്രീ രാമകൃഷ്ണ പരമഹംസൻ 

ശ്രീ രാമകൃഷ്ണ പരമഹംസന്റെ കാളീഭക്തിയെപ്പറ്റി പറയേണ്ടതില്ലല്ലോ. വൃന്ദാവനത്തിലെ രാധയിൽ പ്രകടമായ മധുരഭാവത്തിലുള്ള കൃഷ്ണഭക്തിയുടെ മഹാഭാവം ശ്രീ രാമകൃഷ്ണപരമഹംസദേവനിലെ കാളീഭക്തി ഒരു കുഞ്ഞിന് തന്റെ അമ്മയോടുള്ള ഭാവത്തിൽ ആയിരുന്നു. ഒരിക്കൽ കാളീമാതാവിന്റെ ദർശനം ഈ ജന്മത്തിൽ ഉണ്ടാകാൻ സാദ്ധ്യതയില്ല എന്നതിരിച്ചറിവിൽ ജീവിതംതന്നെ അവസാനിപ്പിക്കാൻ ഒരുങ്ങിയ ശ്രീരാമകൃഷ്ണപരമഹംസദേവന്റെ മുൻപിൽ സർവ്വജനനിയായ ദിവ്യമാതാവ് കാളി ദർശനം കൊടുത്തനിഗ്രഹിച്ചു. ജീവിതത്തിലുടനീളം നിരന്തരം കാളീമാതാവിന്റെ ദർശനം ലഭിച്ച ശ്രീരാമകൃഷ്ണപരമഹാസദേവൻ ഒരു മനുഷ്യജന്മത്തിനു സാധ്യമായ പരമജ്ഞാനം നേടി. ബംഗാളിലെ ഒരു ക്ഷേത്രത്തിൽ വെറും പൂജാരിയായി ജോലിചെയ്തു പിന്നീട് ഒരു പരമഹംസൻ ആയി മാറിയ മാസ്മരീകമായ ഒരു ജീവിതമാണ് ശ്രീരാമകൃഷ്ണ പരമഹംസദേവന്റേതു. സർവ്വത്തിന്റെയും ഏകകാരണമായ കാളീമാതാവിന്റെ പാദപത്മങ്ങളിൽ ജീവിതം സമർപ്പിച്ച ദിവ്യപുരുഷനാണ് ശ്രീ രാമകൃഷ്ണപരമഹംസദേവൻ. ഈ കലിയുഗത്തിൽ ഒരു മനുഷ്യന് ദൈവത്തെ എങ്ങനെ ദർശിക്കാം എന്ന ചോദ്യത്തിനുള്ള ഒറ്റ മറുപിടിയാണ് ത്യാഗമൂർത്തിയായ ശ്രീരാമകൃഷ്ണപരമഹംസദേവന്റെ ജീവിതചരിതം.

    

ഭാമഖേപ  

ഭാമഖേപ സർവ്വജനനിയായ താരാ മാതാവായിന്റെ കടുത്ത ഭക്തനായിരുന്നു.  തന്റെ സ്വന്തം അമ്മയായി താരാ മാതാവിനെ ഭാമഖേപ കണ്ടാരാധിച്ചു. ഒരു ചെറിയ കുട്ടിയുടെ ഭാവത്തിൽ ശ്മാശാനങ്ങളിൽ തന്ത്രത്തിലും യോഗശാസ്ത്രത്തിലും പ്രതിപാദിക്കുന്ന പല കഠിനസാധനകളും അനുഷ്ഠിച്ചു. സർവ്വ സ്ത്രീകളിലും തന്റെ താരമാതാവിനെ  കണ്ട അദ്ദേഹം, ഒരു ശാക്തേയ ഉപാസകൻ ജഗദംബികയെ സ്വന്തം മാതാവ് എന്ന ഭാവത്തിലാകണം ഉപാസിക്കാൻ എന്ന് ഉപദേശിച്ചു. അദ്ദേഹത്തിന്റെ നിഷ്കളങ്ക ബാലഭാവത്തിലുള്ള ഭക്തിയിൽ സംപ്രീതയായ താരാ മാതാവ് തന്റെ അതിഘോരരൂപത്തിൽ ദർശനം നൽകുകയും ഭാമഖേപയെ മാറോടു ചേർക്കുകയും ചെയ്തു. പിന്നീട് അദ്ദേഹത്തിന്റെ ദിവ്യവ്യക്തിത്വത്തിൽ ആകൃഷ്ടരായ ഭക്തർ അദ്ദേഹത്തെ ഭാരതത്തിലെ പ്രസ്തമായ താരാപീഠത്തിന്റെ ആചാര്യനായി അവരോധിക്കുകയുണ്ടായി. 


ഗോപാലർ മാ

ശ്രീരാമകൃഷ്ണദേവന്റെ ഗൃഹസ്ഥസന്യാസികളിൽ ഒരാളായിരുന്നു ഗോപാലർ മാ. ഗോപലഭാവത്തിൽ, ഉണ്ണിക്കണ്ണന്റെ രൂപത്തിലുള്ള, കൃഷ്ണനായിരുന്നു ഗോപാലർ മായുടെ ഇഷ്ടദേവത. സ്വന്തം ഇഷ്ടഭഗവാനായ ഗോപാലനെ മാംസചക്ഷുസ്സുകൾകൊണ്ട് ജീവിക്കുന്ന ഒരു ദിവ്യമൂർത്തിയായി കാണാൻ അനുഗ്രഹം സിദ്ധിച്ച ഒരു മഹാഭക്തയാണ് ഗോപാലർ മാ. നീണ്ട 30 വർഷങ്ങൾ ഏകാന്തമായ ഒരു ജീവിതമാണ് ഗോപാലർ മാ നയിച്ചത്. ആ ജീവിതം പൂർണമായും ഇശ്വരോപാസനക്ക് വേണ്ടി സമർപ്പിച്ചതായിരുന്നു. ഈ കാലഘട്ടത്തിൽ ഇതുപോലെ തീക്ഷണതയുള്ള ഒരു ഉപാസകനെ കാണുവാൻ വളരെ പ്രയാസം ആണ് എന്ന് സ്വാമി വിവേകാനന്ദൻ പറയാറുണ്ട്. ഒരു ദിവസത്തിന്റെ ഏതാണ്ട് മുഴുവൻ നേരവും ഒന്നുകിൽ ജപം അല്ലെങ്കിൽ ക്ഷേത്രജോലികൾ എല്ലാമായി ഒരു പഴയ വീടിന്റെ ഒരു ചെറുമുറിയിൽ ജീവിച്ചുപോന്നു. ഉറങ്ങുന്ന സമയം തന്നെ വളരെ കുറവ് , രാവിലെ 2 മണിക്ക് തുടങ്ങുന്ന ജപം നേരം പുലരുന്ന വരെ തുടരും. ഒരു കാരണവശാലും മുടങ്ങാതെ ഗോപാലന്റെ പൂജ ഇതൊക്കെയാണ് ഗോപാലർ മായുടെ ജീവിതത്തെ വിശിഷ്ടമാക്കുന്നതു. ശ്രീരാമകൃഷ്ണ പരമഹംസദേവന്റെ അനുഗ്രഹത്താൽ ഗോപാലകൃഷ്ണനെ പ്രത്യക്ഷത്തിൽ കാണാനുള്ള ഭാഗ്യം സിദ്ധിച്ചു. ദിവസങ്ങളോളം നീണ്ടുനിന്ന ദിവ്യദർശനത്തിൽ ഉണ്ണിക്കണ്ണൻ സ്വന്തം  അമ്മയുടെകൂടെന്നപോലെ ആ ചെറിയ അസൗകര്യം നിറഞ്ഞ മുറിയിൽ താമസിച്ചു പല വികൃതികളും കാണിച്ചു ഗോപാലർ മായെ ആനന്ദത്തിലാറാടിച്ചു. ഗോപാലർ മായുടെ സർവ്വ ആത്‌മീയ സാധനകളുടെ പരമമായ ലക്‌ഷ്യം അതോടുകൂടി  സാക്ഷാത്ക്കരിക്കപ്പെട്ടു.   


സുഹൃത്തുക്കളെ ഒരിക്കലും അവസാനിക്കാത്ത ഈ ഭക്തമാലയിലെ മഹാരത്‌നങ്ങൾക്കു ഒരവസാനവും എനിക്ക് കൽപ്പിക്കാൻ കഴിയില്ല. പക്ഷെ എനിക്ക് ഈ പോസ്റ്റ് അവസാനിപ്പിക്കേണ്ടതുണ്ട്. 

അജ്ഞാതരായ അനേകം ഭക്തോത്തമന്മാർ ഇനിയും  ഇവിടെ ഉണ്ടായിരുന്നു എന്ന് വിനീതമായി മനസ്സിലാക്കുന്നു,  ഭാവിയിൽ ഇനിയും അനേകം ഭക്തർ ഉണ്ടാകുകയും ചെയ്യും സംശയമില്ല. പക്ഷെ ഒരു കാര്യം  ഈ ചെറിയ പോസ്റ്റ് കൊണ്ട് കണ്ടെത്താൻ സാധിക്കും അത് ഇതാണ് എല്ലാ മഹാഭക്തരും ഈശ്വരന് വേണ്ടി സർവ്വവും ത്യജിച്ചവർ ആയിരുന്നു. മറ്റൊരു വാക്കിൽ, ഈശ്വരന് സർവ്വവും സമർപ്പിച്ചവർ ആയിരുന്നു അവരെല്ലാം. 



ശുഭം 

സമാപ്തം 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ജ്യോതിഷം - നവഗ്രഹങ്ങൾ - 9 planets in astrology

ജ്യോതിഷം - ജാതകത്തിന്റെ 12 ഭാവങ്ങളും അതിന്റെ കരകത്വങ്ങളും

Importance Of Ishta Devatha or Chosen Ideal