സ്വാമി വിവേകാനന്ദൻ - ഒരു പരിചയം പുതുക്കൽ


 ഓം ഹരിഃ ശ്രീ ഗണപതയെ നമഃ; 

അവിഘ്നമസ്തു; 

ശ്രീ ഗുരുഭ്യോ നമഃ


ഈ പോസ്റ്റ് ഞാൻ വിവേകാനന്ദ സ്വാമികളുടെ പാദാരവിന്ദങ്ങളിൽ സമർപ്പിക്കുന്നു  

സ്വാമി വിവേകാനന്ദൻ - ഒരു പരിചയം പുതുക്കൽ 





ഒരു മഹത്തായ വർക്ക് ചെയ്യുവാൻ രണ്ട് വഴികൾ ഉണ്ട് . ഒന്ന് വളരെ അധ്വാനിച്ച്‌ ഒരു മഹത്തായ സൃഷ്ടി നടത്തുക അത് പിന്നീട് ജനങ്ങൾ ഏറ്റെടുത്തു ഗ്രേറ്റ് വർക്ക് ആയി വിലയിരുത്തിക്കൊള്ളും. രണ്ടാമത്തെ വഴി വളരെ എളുപ്പമാണ് അതാണ് ഞാൻ ഇവിടെ ചെയ്യാൻ പോകുന്നത്, മഹാനായ ഒരു വ്യക്തിയെ കുറിച്ച് എഴുതുക.  


സ്വാമി വിവേകാനന്ദനെ കുറിച്ച് പുതിയതായി ഒന്നും തന്നെ എനിക്ക് എഴുതുവാൻ ഇല്ല. ഇനി അല്പം അടുത്ത് അറിയുക എന്ന ഒരു കർമ്മം മാത്രമേ ഇപ്പോൾ അവശേഷിക്കുന്നുള്ളൂ. ഒരു കാലം വരെ വളരെ വ്യക്തമായ ഒരു ചിത്രം താൽക്കാലികമായെങ്കിലും അല്പം മങ്ങി പോയിരിക്കുന്നു. ആ ചിത്രത്തിന്റെ ആത്‌മാവിനെ ചേർത്തു വച്ചുകൊണ്ട് വീണ്ടും ആ കാലാതീതനെ കാണുവാൻ നമ്മുടെ കണ്ണുകൾക്ക് ഭാഗ്യം നൽകാം. 


വിവേകാനന്ദ സ്വാമികളെ ഞാൻ പുസ്തകങ്ങൾ തിരഞ്ഞു വായിക്കുന്നതിനു വളരെ മുൻപേ തന്നെ പഠന പുസ്തകങ്ങൾ എന്നെ അദ്ദേഹത്തെ പഠിപ്പിച്ചു. പിന്നീട് അദ്ദേഹത്തിന്റെ വീരഗാഥകൾ വർണ്ണിക്കുന്ന മഹാന്മാരിൽനിന്നും അത് തന്നെ ആവർത്തിച്ചു ഉറപ്പിച്ചു. അവരിലൂടെ എന്നിൽ ഉണ്ടാക്കിയ അദ്ദേഹത്തിന്റെ ചിത്രങ്ങൾ വർഷങ്ങളോളം അങ്ങനെ തന്നെ എന്റെ മനസ്സിൽ കിടന്നു. കണ്ണടച്ച് ഇരിക്കുന്ന ഒരു സന്ന്യാസിയുടെ മുഖത്തിനെ അവർ എനിക്ക് കാണിച്ചു തന്നു. പക്ഷെ നമുക്ക് കണ്ണ് തുറന്ന ആ മഹാസന്ന്യാസിയെയാണ് കാണുവാൻ ആഗ്രഹം.


നമ്മുടെ അദ്ധ്യാപകർ നമുക്ക് നല്കിയ ചിത്രം പൂർണ്ണമല്ല. അതിൽ നമുക്ക് സ്വാമി വിവേകാനന്ദന്റെ ആത്‌മാവിനെ ദർശിക്കുവാൻ സാധിക്കില്ല. അദ്ദേഹത്തിന്റെ ജീവിത കഥകളുടെ പല വേർഷനുകളിലും നമുക്ക് ഒരു പൂർണ്ണമായ ഒരു ചിത്രം തെളിഞ്ഞു വന്നിട്ടില്ല. അത് പലരും ചിന്തിച്ചേക്കാവുന്ന, ഒരു വായനക്കാരന്റെ അന്യോഷണ മികവിന്റെ പ്രശ്‌നമല്ല മറിച്ചു ആ വ്യക്തിജീവിതത്തിന്റെ മഹത്വം കൊണ്ട് മാത്രമാണ്. 


ഗിരീഷ് ചന്ദ്ര ഘോഷ് ഒരിക്കൽ ഇങ്ങനെ പറയുകയുണ്ടായി, "മഹാമായക്ക് വിവേകാനന്ദനെ അദ്ദേഹത്തിന്റെ വലുപ്പം കാരണം തന്റെ വലയിൽ കുരുക്കാൻ സാധിക്കാതെ പോയി". 


പക്ഷെ മഹാമായക്ക് പകരം ഒരു കാര്യം സാധിച്ചു എന്ന് വേണം പറയാൻ, ജനങ്ങൾക്ക് അദ്ദേഹത്തെ കാണാൻ പറ്റാത്ത വണ്ണം അവ്യക്തമാക്കൻ കഴിഞ്ഞു. ശ്രീരാമകൃഷ്ണ പരമഹംസദേവന്റെ പാദങ്ങളെ മനസ്സിൽ ധ്യാനിച്ച് ഞാൻ ഈ മഹാസാഹസത്തിനു മുതിരുന്നു.


സ്വഭാവം - അതാണ് ഞാൻ സ്വാമി വിവേകാനന്ദനിൽ കണ്ടെത്തിയ എടുത്തു പറയേണ്ടുന്ന ഒരു സംഗതി. സ്വഭാവം എന്ന ഘടകം ആണ് ഒരു വ്യക്തിയുടെ ചിത്രത്തെ അതിന്റെ ആത്‌മാവിനോട് യോജിപ്പിക്കുന്നത്. ഇത് മനസ്സിലാക്കാൻ പറ്റാതെ മറ്റു പല വിശേഷപ്പെട്ട കഴിവുകളും  മനസ്സിലാക്കിയാൽ ചിത്രം പൂർണ്ണമാവാതെ നമ്മുടെ മനസ്സിൽ അവശേഷിക്കും. അദ്ദേഹത്തിന്റെ വ്യക്തി സ്വഭാവം പ്രകാശിപ്പിക്കുക എന്നതാണ് ഇവിടുത്തെ പരമ ലക്ഷ്യം. 


മുഖചിത്രം പൂർണ്ണമായി പ്രകാശിക്കുന്നതോടുകൂടി അദ്ദേഹത്തിന്റെ ആശയങ്ങളുടെ സംവേദനക്ഷമത വീണ്ടെടുക്കും എന്ന് ഞാൻ വിശ്വസിക്കുന്നു.  ആദി ശങ്കരാചാര്യർ കഴിഞ്ഞാൽ പിന്നെ സ്വാമി വിവേകാനന്ദൻ മാത്രമാണ് സനാതന ധർമ്മത്തിന്റെ  യഥാർത്ഥ വ്യഖ്യാതാവ്. നമുക്ക് ഏറ്റവും വിശ്വസ്തനും ഏറ്റവും അടുത്ത് നിൽക്കുന്ന ഈ മഹാ ആചാര്യൻ അദ്ദേഹത്തിന്റെ വാക്കുകളുടെ എഴുത്തുകളുടെ അസാധാരണമായ സംവേദനക്ഷമത കൊണ്ട് യുഗങ്ങൾക്കകലെക്ക് മുറിഞ്ഞകന്നുപോയ അദ്ധ്യാതിയ്ക പാരമ്പര്യത്തെ നമുക്ക് വീണ്ടെടുത്ത് തന്നു. 


അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ സ്വഭാവം ഇവിടെ ചർച്ചചെയ്യപ്പെടുന്നു. 'നന്മ' എന്ന ഒന്നാണ് അദ്ദേഹത്തിന്റെ സ്വഭാവത്തിന്റെ അടിസ്ഥാന ഘടകം. ജനനം മുതൽ ജീവിതത്തിലുടനീളം അദ്ദേഹത്തെ അറിയാമായിരുന്ന ആർക്കും അത് പ്രകടമായിരുന്നു. പൂർവ്വജന്മാർജ്ജിതമായ ഒന്നാണ് ഒരുവന്റെ സ്വഭാവം. നന്മ അതിന്റെ അത്യുച്ചാവസ്ഥയാണ്. 


ശ്രീരാമകൃഷ്ണ പരമഹംസദേവൻ ശിഷ്യനെ അന്യോഷിച്ചു ഈരേഴു പതിനാല് ലോകത്തിലും അലഞ്ഞ കഥ കേട്ടിട്ടില്ലേ? അവസാനം അവിടുന്ന് ദിവ്യമായ ഏതോ ഒരു ലോകത്തെത്തി. ആ ലോകം ഏതാണെന്നു പോലും അറിയില്ല പക്ഷെ അത് എല്ലാ ലോകങ്ങൾക്കും മേലെ ആണ്. അവിടെ ഏഴ് ഋഷിമാർ ധ്യാനത്തിൽ മുഴുകി ഇരിക്കുന്നുണ്ട്. ഇത് തന്നെ ഏറ്റവും ഉയർന്ന സ്ഥലം, ഈ ഋഷിമാരിൽ ഏറ്റവും ദിവ്യർ ഇവർ ആരെങ്കിലും ഭൂമിയിലേക്ക് വന്നിരുന്നെങ്കിൽ അവിടുത്തെ എല്ലാ ദുരിതങ്ങളും ഇല്ലാതെയാക്കാൻ സാധിക്കുമല്ലോ എന്ന് അവിടുന്ന് ചിന്തിച്ചു. ഒരു ഋഷിയുടെ ധ്യാന ഭംഗം വരുത്തുന്നു എന്നിട്ട് കരുണസാഗരമായ ആ ഋഷിയെ ഒരു പൈതലിന്റെ രൂപത്തിൽ ആകർഷിക്കുന്നു. എന്നിട്ടു ഭൂമിയിലെ കദന കഥ പരിഹരിക്കാൻ ഞാൻ പോകുന്നു എന്റെ കൂടെ എന്നെ സഹായിക്കാൻ വരണം എന്ന് അപേക്ഷിക്കുന്നു. ഭൂമിയിലേക്ക് മടങ്ങുന്ന ആ പൈതലിനെ നോക്കി ഒരു വാത്സല്യം നിറഞ്ഞ ഒരു മൃദുമന്ദസ്മിതം മാത്രം. വീണ്ടും ധ്യാനത്തിലേക്ക് മടങ്ങുന്നു. വർഷങ്ങൾക്കു ശേഷം ആദ്യമായി ശ്രീരാമകൃഷ്ണ പരമഹംസ ദേവനെ നരേന്ദ്രൻ കണ്ടപ്പോൾ നരേന്ദ്രനിലെ ആ ദിവ്യഋഷി ശ്രീരാമകൃഷ്ണ പരമഹംസ ദേവനോട് പറഞ്ഞു "ഇതാ ഞാൻ വന്നിരിക്കുന്നു". 


ശ്രീരാമകൃഷ്ണ പരമഹംസ ദേവനെ പോലെ കഠിനമായ ഒരു ഏകാന്തത അനുഭവിച്ച ഒരു വ്യക്തിത്വം ഉണ്ടായിരുന്നില്ല. അവിടുത്തേക്ക്‌ ഭക്തർ ശിഷ്യർ അനുയായികൾ സുഹൃത്തുക്കൾ പ്രമുഖർ എല്ലാവരും പ്രവഹിച്ചു കൊണ്ടിരുന്നെങ്കിലും അവിടുത്തെ പൂർണ്ണമായി ഉൾക്കൊള്ളാൻ സാധിക്കുന്ന ഒരാളും അവിടുത്തേക്ക്‌ ഉണ്ടായിരുന്നില്ല. ആത്‌മീയതയിൽ ആത്മാർത്ഥത ഇല്ലാത്തവരുടെ മധ്യത്തിൽ നിന്ന് കൊടുക്കേണ്ടിവന്നു അവിടുത്തേക്ക്‌. ശ്രീരാമകൃഷ്ണ പരമഹംസ ദേവന്റെ അദ്ധ്യാത്മികതയെ ഉൾക്കൊളളാൻ തക്കവണ്ണം മാനസിക ശേഷി ആർക്കും ഇല്ലായിരുന്നു. പലരും ചെറിയ ഭാഗങ്ങൾ മാത്രം സ്വീകരിച്ചു അവരവരുടെ ആത്‌മീയ നിർവൃതി നേടി. പക്ഷെ അവിടുത്തെ ഹൃദയം ആൾക്കൂട്ടങ്ങളിൽ ആരെയോ തിരഞ്ഞുകൊണ്ടിരുന്നു.  



എനിക്ക് ഉള്ള് തുറന്ന്‌ സംസാരിക്കാൻ ഈ ലോകത്തു ആരും ഇല്ലേ എന്ന് അവിടുന്നു കരഞ്ഞു പ്രാർത്ഥിക്കാറുണ്ടായിരുന്നു. ഒരു പരമദിവ്യൻ മനുഷ്യ ശരീരത്തിൽ ഇരിക്കുന്നിടത്തോളം കാലം ശാരീരികവും മാനസികവുമായ എല്ലാ അനുഭവങ്ങളിലൂടെയും കടന്നു പോകേണ്ടിവരുന്നു. ആത്‌മീയതയുടെ ഔന്നത്യം അവിടെത്തെ മനസ്സിൽ അസാധാരണമായ ആശയങ്ങളും ഭാവനകളും കൊണ്ട് പലരിൽനിന്നും അകന്ന് നിൽക്കേണ്ടിവന്നു. ഒരു രാത്രി ഈ വിധം പ്രാർത്ഥിച്ചപ്പോൾ ഇതാ വന്നിരിക്കുന്നു വേറെ ആരുമല്ല നരേന്ദ്രൻ. "ഇതാ ഞാൻ ഉണ്ട് അവിടുത്തേക്ക്‌ സംസാരിക്കാൻ" എന്ന് പറഞ്ഞിട്ട് പൊയ്ക്കളഞ്ഞു. കൽക്കട്ടയിൽ വീട്ടിൽ കിടന്നുറങ്ങിയ നരേന്ദ്രൻ അത് അറിഞ്ഞത് പിന്നീടാണ്. 


വളരെ ചെറുപ്പത്തിൽ ഒരിക്കൽ കുട്ടിയായിരുന്ന സ്വാമി വിവേകാനന്ദ സ്വാമികൾ അച്ഛനോട് ഈവിധം ചോദിച്ചു - ഒരാൾ എങ്ങനെ ആണ് ലോകത്തിൽ ജീവിക്കേണ്ടത് . ആ ചോദ്യം ഏതു ഉത്തരത്തിനേക്കാളും വലുതാണ് . അതിനു ഉത്തരം പറയേണ്ടത് ഒരു പിതാവിന്റെ ഉത്തരവാദിത്വം ഉത്തരം പറയാൻ അത്ര എളുപ്പമല്ലാത്ത ഒരു ചോദ്യവും.


സത്യസന്ധതയാണ് ഒരുവനെ ആത്മാർത്ഥത ഉള്ള അളക്കുന്നത് . അത് ഗൗരവകരമായ ഒരു സത്യാന്യോഷണത്തിനു ഒരാളെ പ്രേരിപ്പിക്കുന്നു. ആ  അഗ്നിയെ ലൗകീക ജീവിതത്തിന്റെ ഒരു മരുന്ന് കൊണ്ടും കെടുത്തിക്കളയാൻ സ്വാമി വിവേകാനന്ദൻ തയ്യാറുമായിരുന്നില്ല. 


മതത്തിന്റെ യഥാർത്ഥ പ്രചാരണം നടത്തേണ്ടത് എങ്ങനെ എന്ന് പല മത അധ്യക്ഷന്മാർക്കും പല അഭിപ്രായങ്ങൾ ഉണ്ട് പല മാർഗ്ഗങ്ങളും ഉണ്ട്. ശ്രീ രാമകൃഷ്ണ പരമഹംസ ദേവന്റെ അഭിപ്രായത്തിൽ മതം പകരാൻ ഏറ്റവും എളുപ്പമാണ് . രണ്ട് ഘടകങ്ങൾ മാത്രമേ അതിന് ആവശ്യമുള്ളു ഒന്ന് ദൈവത്തെ സാക്ഷാത്ക്കരിച്ച ഒരു വ്യക്തി രണ്ടാമത്തേത് അത് സ്വീകരിക്കാൻ ശേഷിയുള്ള ഒരു ശിഷ്യ ഹൃദയവും. ശ്രീരാമകൃഷ്ണ പരമഹംസ ദേവന്റെ ഒരു സ്പർശമാത്രത്താൽ നിർവികല്പ സമാധിയിലേക്കു വഴുതി വീഴുമായിരുന്ന നരേന്ദ്രൻ പൂർണ്ണമായും ദൈവത്തിനു വേണ്ടി വികസിച്ച ഒരു ഹൃദയത്തിന്റെ ഉടമയായിരുന്നു. 


 

ശ്രീരാമകൃഷ്ണ പരമഹാസദേവൻ ഒരു മഹാഗുരു ആയിരുന്നെങ്കിൽ സ്വാമി വിവേകാനന്ദൻ ഒരു മഹാശിഷ്യനും ആയിരുന്നു. ആ ദിവ്യ ചരിതം മുൻപെങ്ങും കേട്ടുകേൾവിയില്ലാത്ത ദിവ്യമായ ഒരു ഗുരു ശിഷ്യ ബന്ധത്തെ ലോകത്തിനു കാണിച്ചു തരുന്നു. ഒരു ശിഷ്യൻ ഒരു ഗുരുവിനെ  എങ്ങനെ ആണ് കാണേണ്ടത് എന്ന് സ്വാമി വിവേകാന്ദന്റെ ജീവിതത്തിൽ നിന്ന് നമുക്ക് പഠിക്കാനാകും.


അതിനാൽ തന്നെ ആണ് സ്വാമി വിവേകാനന്ദനിൽ നമുക്ക് അദ്ദേഹത്തേക്കാൾ അധികം അദ്ദേത്തിന്റെ പ്രിയ ഗുരുദേവനെ മാത്രം കാണാൻ കഴിയുന്നത്. ഈ കാരണം ആണ് അദ്ദേഹത്തെ പറ്റി പഠിക്കുന്ന ഒരാളെ ബുദ്ധിമുട്ടിലാക്കുന്നതിന് കാരണം. പരിപൂർണ്ണമായും ഗുരുവിൽ  സമർപ്പിതമായ സമീപനം ആണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത് എന്ന് ഇതിൽ നിന്നെല്ലാം വ്യകതമാകുന്നു. 


തന്റെ ഗുരുനാഥനിൽ സ്വാമി വിവേകാനന്ദൻ ആകൃഷ്ടനായ ഘടകം എന്തെന്ന് ചോദിച്ചാൽ അതിന് ഉത്തരം ശ്രീരാമകൃഷ്ണ പരമഹംസ ദേവന്റെ സമാധിയോ സിദ്ധികളോ ചുറ്റുമുള്ള ആളുകളോ അവരിലെ മഹത് വ്യക്തികളോ ആയിരുന്നില്ല പകരം ഈശ്വരദർശനം അതൊന്നു മാത്രം ആയിരുന്നു. 


ശ്രീരാമകൃഷ്ണ പരമഹംസ ദേവന്റെ മഹാസമാധിക്ക് ശേഷം നടന്ന ഒരു സംഭാഷണം കഥാമൃതത്തിൽ വായിച്ചിട്ടുണ്ട് അത് ഇങ്ങനെ ആണ്. വിവേകാനന്ദ സ്വാമികൾ കഥാമൃത രചയിതാവായ ശ്രീ മഹേന്ദ്ര നാഥാ ഗുപ്തയുമായി നടന്ന ഒരു സംഭാഷണം ആണ്. വിവേകാന്ദ അന്നത്തെ നരേന്ദ്രൻ മഹേന്ദ്ര നാഥാ ഗുപ്തയോട് ഉള്ള് തുറക്കുന്നു. നിങ്ങൾ എല്ലാം ദൈവാനുഗ്രഹീതർ നിങ്ങൾക്കെല്ലാം എല്ലാം ലഭിച്ചുവല്ലോ. നിങ്ങളുടെ ജീവിതം സംതൃപ്തമായിരിക്കുന്നു.  എത്രെ എത്രെ മന്ത്രങ്ങൾ, എത്ര എത്ര ദിവ്യ ദർശങ്ങൾ  എന്നിട്ടും എനിക്ക് ഒരു സംതൃപ്തിയുമില്ല. ദൈവം എന്ന ഒന്നുകൊണ്ട് മാത്രം സംതൃപ്തമായിരുന്ന ഹൃദയം ആയിരുന്നു അദ്ദേഹത്തിന്റേത്. ശ്രീരാമകൃഷ്ണ ദേവനിൽ അദ്ദേഹം ദൈവത്തെ കണ്ടിരുന്നു അതിനാലാണ് അവിടുത്തെ വിയോഗം നരേന്ദ്രനെ തളർത്തി കളഞ്ഞത്. 



ഒരിക്കൽ ശ്രീരാമകൃഷ്ണ പരമഹംസ ദേവന്റ സാന്നിധ്യത്തിൽ മറ്റു പലരുടെയും മധ്യത്തിൽവച്ചു ഒരു ഗാനം നരേന്ദ്രൻ പലപ്പോഴന്നപോലെ  ആലപിക്കുകയുണ്ടായി. അത് നരേന്ദ്രന്റെ ഉൽക്കടമായ ദൈവ വിയോഗത്തിനെ വൈകാരികതയെ പ്രതിഫലിപ്പിക്കുന്നതായിരുന്നു. അതിലെ പല വരികളും ഇത് പോലെ ആയിരുന്നു "എന്നാണ് ആ സുദിനം എന്റെ ജീവിതത്തിലേക്ക് കടന്നു വരിക. എന്നാണ് ദൈവ ദര്ശനത്താൽ എന്റെ ഹൃദയം നിറഞ്ഞു ആനന്ദിക്കുക". ഗാനാലാപനം കഴിഞ്ഞപ്പോൾ ശ്രീരാമകൃഷ്ണ ദേവൻ മറ്റു പലരോടും ഇങ്ങനെ പറഞ്ഞു. നരൻ ഗാനം ആലപിക്കുമ്പോൾ എന്റെ ഹൃദയത്തിൽ വസിക്കുന്നവൻ ആ ഗാനം കേൾക്കുന്നത്  ഒരു പാമ്പ് പത്തി വിടർത്തി അനങ്ങാതെ കേട്ടുകൊണ്ട് ധ്യാനിക്കും പോലെ ആണ് എന്നാണ്. 


ശ്രീരാമകൃഷ്ണ പരമഹംസ ദേവന്റെ ഇഹലോകവാസത്തിന്റെ അവസാന നാളുകളിൽ ഒന്നിൽ നരേന്ദ്രനിൽ അർപ്പിതമായ ഭാവികർമ്മങ്ങളിൽ സഹായകമായിക്കൊള്ളട്ടെ എന്ന് അനുഗ്രഹിച്ചു തന്റെ ആധ്യാത്മിക സാധനകളുടെ വസന്തകാലങ്ങളിൽ കഠിനമായ തപസ്സനുഷ്ഠിച്ചു നേടിയെടുത്ത സിദ്ധികൾ നരേന്ദ്രനിലേക്കു പകർന്നു കൊടുത്തു എന്നിട്ട് എങ്ങനെ പറഞ്ഞു "ഞാൻ എന്റെ സർവ്വസ്വവും നിനക്ക് തന്നിരിക്കുന്നു. ഇനി എന്റെ കയ്യിൽ ഒന്നുമില്ല. ഞാൻ അക്ഷരാത്ഥത്തിൽ പാപ്പരായി. ഈ സിദ്ധികൾ ദൈവത്തിന്റെ ജോലി നിർവഹിക്കുന്നതിൽ നിനക്ക്  സഹായകമാകും." തന്റെ ഗുരുദേവന്റെ വളരെ ദയനീയമായ ശാരീരികാവസ്ഥയുടെ കാലത്ത് അവിടുത്തെ  ജീവൻ നിലനിർത്തുക എന്ന ഒരൊറ്റ ചിന്താമാത്രം ഉണ്ടായിരുന്ന നരേന്ദ്രന് ത്യാഗമൂർത്തിയായ തന്റെ ഗുരുവിന്റെ ആ ചിത്രം താങ്ങാൻ സാധിച്ചില്ല. അദ്ദേഹം വികാരം തടഞ്ഞു നിർത്താൻ സാധിക്കാതെ ആ മുറിയിൽ നിന്ന് മറഞ്ഞു. 


ശ്രീരാമകൃഷ്ണദേവന്റെ ഇഹലോകവാസത്തിന്റെ  അവസാന നാളുകളിൽ അവിടുത്തെ പരിചരിച്ചിരുന്ന പലർക്കും അവിടുത്തെ ബാധിച്ച കാൻസർ എന്ന മാരക രോഗത്തെപ്പറ്റി സാവധാനം അറിഞ്ഞു തുടങ്ങി. ഒരു ഘട്ടത്തിൽ എങ്ങനെയോ ഇത് ഒരു പകരുന്ന രോഗം ആണെന്നു പലരും തെറ്റിദ്ധരിച്ചു അതിന്റെ ഫലമായി പലരും രോഗശയ്യയിൽ വളരെ ക്ഷീണിതനായിയിരുന്ന ശ്രീരാമകൃഷ്ണ ദേവനോട് അല്പം ഒരു അകൽച്ച വച്ച് പുലർത്തുന്നതായി നരേന്ദ്രൻ മനസ്സിലാക്കി. എല്ലാവരും ശ്രീരാമകൃഷ്ണ ദേവന്റെ സമീപത്തു ഉണ്ടായിരുന്ന ഒരു അവസരത്തിൽ കട്ടിലിനടുത്തു വച്ച ശ്രീരാമകൃഷ്ണദേവന്റെ ഉമീനീര് കലർന്ന ജലം എടുത്തു നരേന്ദ്രൻ കുടിക്കുന്നത് കണ്ടതോടെ പലരുടെയും താൽക്കാലികമായി ഉണ്ടായ അകൽച്ച നിശ്ശേഷം ഇല്ലാതെയായി. 


ശ്രീരാമകൃഷ്ണ ദേവന്റെ ഗൃഹസ്ഥാശ്രമ ശിഷ്യനായിരുന്ന രാമചന്ദ്ര ദത്തയുടെ ബന്ധുവായിരുന്നു സ്വാമി വിവേകാനന്ദൻ. അമേരിക്കയിലെയും മറ്റു പല പടിഞ്ഞാറൻ രാജ്യങ്ങളിലെയും പര്യടനങ്ങൾക്കു ശേഷം സ്വാമി വിവേകാനന്ദൻ നാട്ടിൽ തിരിച്ചെത്തിയ സമയം തന്റെ മാതാവിന്റെ ബന്ധുവും ഉറ്റ സുഹൃത്തും ആയ രാമചന്ദ്ര ദത്ത വളരെ  ഗുരുതരമായ ഒരു രോഗം പിടിപെട്ട് അദ്ദേഹത്തിന്റെ വീട്ടിൽ കഴിയുന്ന വിവരം സ്വാമി വിവേകാനന്ദൻ അറിഞ്ഞു. രാമചന്ദ്ര ദത്തയുടെ വീട്ടിൽ എത്തിയ സ്വാമി വിവേകാനന്ദൻ ആ സമയം മറ്റാരും മുറിയിൽ കൂടെയില്ലാത്ത  രാമചന്ദ്ര ദത്തയെ കാലിൽ ചെരുപ്പ് ധരിപ്പിച്ച് താങ്ങി ടോയ്ലറ്റിലേക്കു കൊണ്ട് പോയി. പ്രാഥമിക കാര്യങ്ങൾക്ക് പോലും പരസഹായം വേണ്ടിവന്നിരുന്ന രാമചന്ദ്ര ദത്തയോടുള്ള സ്വാമി വിവേകാനന്ദന്റെ ആ സാമീപ്യത്തിൽ ആർദ്രമായ കണ്ണാൽ അദ്ദേഹം ഇപ്രകാരം പറഞ്ഞു "ഞാൻ കരുതിയത് അമേരിക്കയിൽ പോയി വലിയ പേരെടുത്തശേഷം നീ ഞങ്ങളെയെല്ലാം മറന്ന്‌ കാണുമെന്നാണ് പക്ഷെ നീ ഇപ്പോഴും ആ പഴയ ബിലു തന്നെ ".


ശ്രീരാമകൃഷ്ണ പരമഹംസ ദേവന്റെ ശിഷ്യന്മാരെല്ലാം അവരവരുടെ ആദ്ധ്യതമിക ജീവിതത്തിൽ ഏതു ഉയരവും കീഴടക്കാൻ ദൈവാനുഗ്രം സിദ്ധിച്ചവരായിരുന്നു. ശ്രീരാമകൃഷ്ണ പരമഹംസദേവന്റെ വിയോഗത്തിന് ശേഷം പല സഹോദര സന്ന്യാസികൾക്കും ആത്‌മീയ ജീവിതം നയിച്ച് ആശ്രമങ്ങളിലേക്കു മടങ്ങണം എന്ന ചിന്തകൾ ഉദിച്ചു. അവിടുത്തെ ഉപദേശപ്രകാരം ഒരു സംന്യാസിയുടെ ജീവിതം ആദ്യം ആത്മസാക്ഷാത്ക്കാരവും പിന്നീട് മാത്രം മനുഷ്യ സേവനവും എന്നതാണ് എന്ന് വ്യഖ്യാനിച്ചു. സ്വാമി വിവേകാനന്ദനും ഒരു സഹോദര സംന്യാസിയും ഇതിനെ കുറിച്ച് ഗൗരവകരമായ ഒരു വാക് വാദം ഉണ്ടായി. ഒടുവിൽ വിവേകാനന്ദ സ്വാമിക്ക് സഹോദര സംന്യാസിയോട്  ശക്തമായി ഇങ്ങനെ പറയേണ്ടി വന്നു "ഹൃദയത്തിന്റെ എല്ലാ നൈർമല്യങ്ങളും നഷ്ടപ്പെടുത്തിയിട്ട് ആത്‌മീയജ്ഞാനം നേടണം എന്നാണോ നിങ്ങൾ പറയുന്നത്. ഞാൻ ഗുരുദേവനിൽ നിന്ന് അതല്ല മനസ്സിലാക്കിയത്". തന്റെ ജേഷ്ഠ സംന്യാസിയായ വിവേകാന്ദ സ്വാമിയുടെ വാക്കുകൾ തനിക്കു അല്പം വിഷമം തോന്നിച്ചെങ്കിലും അത് അങ്ങനെ തന്നെ സ്വീകരിച്ചു. അതിനു ശേഷം വളരെ പെട്ടെന്ന് തന്റെ മുന്നിൽ നിന്നും സ്വന്തം മുറിയിലേക്ക് മറഞ്ഞ സ്വാമിജിയെ അന്യോഷിച്ച് മുറിയിലെത്തിയ ആ സഹോദര സന്ന്യാസി കണ്ടത് വാർന്നൊലിക്കുന്ന അടഞ്ഞ കണ്ണുകളോടെ ഒരു ധ്യാനത്തിൽ അഭയം തേടുന്ന സ്വാമി വിവേകാനന്ദനെ ആണ്. ആ ദൃശ്യം സഹോദര സന്ന്യാസിയെയും വേദനിപ്പിച്ചു. 


ദൈവാർപ്പിതമായ ആ മഹാകർമ്മ പാതയുടെ അങ്ങേ അറ്റത്ത് താൻ തേടുന്ന ദൈവം എന്ന ആ മഹാസൂര്യനിൽ മാത്രമാണ് നരേന്ദ്രന്റെ ദൃഷ്ടി പതിഞ്ഞിരുന്നത്. തന്റെ പരമാത്മാവിൽ നിന്ന് വേർപെട്ട ആ ദിവ്യതമാവ് ആ കഠിന വേദന സഹിച്ചും കൊണ്ട് ആ മഹാകർമ്മം ഒരു കുറവും കൂടാതെ നിർവഹിച്ചു. 


ദൈവികമായ ഉൾപ്രേരണയാൾ ലോകത്തിന്റെ ദുഃഖം തന്റെ ആദ്ധ്യത്മിക ശക്‌തികൊണ്ട് മാത്രം ഇല്ലായ്മ ചെയ്യാൻ സന്യാസആശ്രമത്തിൽ നിന്നും ഇറങ്ങിത്തിരിച്ച സ്വാമി വിവേകാനന്ദൻ കണ്ടത് തമസ്സിലാണ്ട ഒരു ജനതയെയാണ്. ആത്മവിശ്വാസം നശിച്ചു തന്റെ വിശ്വാസത്തെ മറ്റുളവക്കു പണയം വച്ച് ദുർബലമാക്കപ്പെട്ട ഈ ജനതയ്ക്ക് എങ്ങനെയാണു സാത്വീകമായ ആദ്ധ്യാത്മികതയെ ഉൾക്കൊള്ളാൻ സാധിക്കുക. ഇരുന്നിട്ട് കാലുകൾ നീട്ടുവാനാണ് ശ്രമിക്കേണ്ടത് എന്ന് പറയാറില്ലേ അത് തന്നെയാണ് സ്വാമി വിവേകാനന്ദൻ ആ ജനതയോട് പറഞ്ഞത്.  ഇതുപോലെ ദുർബലമായ ഒരാൾക്ക് വേണ്ടത് രജസ്സാണ് വേണ്ടത് സാത്വീകത അല്ല. ഒരു ദുർബലനു ഒരിക്കലും ദൈവത്തെ സാക്ഷാത്ക്കരിക്കാൻ സാധിക്കില്ല. 


"നിങ്ങൾ നിങ്ങളിൽ തന്നെ വിശ്വസിക്കാത്തിടത്തോളം കാലം നിങ്ങൾക്ക് ദൈവത്തിലും വിശ്വസിക്കാനാവില്ല" - സ്വാമി വിവേകാനന്ദൻ 


ഇന്ന് നാം സ്വാമി വിവേകാനന്ദന്റെ വീര വചനങ്ങൾ എന്ന് കേൾക്കുന്ന ഉപദേശങ്ങൾ എല്ലാം ആ കാലഘട്ടത്തിലെ മേൽപ്പറഞ്ഞ പ്രത്യേക അവസഥയിലുള്ള ഒരു ജനവിഭാഗത്തോടുള്ളതാണ്. അങ്ങനെ സ്വാമി വിവേകാനന്ദൻ വീര്യത്തിന്റെ, യവ്വനത്തിന്റെ, ധീരതയുടെ, ഊർജ്ജസ്വലതയുടെ പ്രതീകമായി. 


അദ്ദേഹത്തിന് മുൻപിൽ പരമാത്മാവിനെ എങ്ങനെ ധ്യാനിക്കണം എന്ന് ചോദിച്ചു പലരും വരാറുണ്ട്. പക്ഷെ പലരും താമസ്സിലാണ്ടവർ തീവ്രമായ  ആഗ്രഹം മാത്രം കൈമുതലാക്കിയവരാണ്. അത്തരം വ്യക്തികളോട് അദ്ദേഹം ഇങ്ങനെ  പറയാറുണ്ട് 


"നിങ്ങൾ എവിടെവേണമെങ്കിലും ധ്യാനിച്ചോളൂ. നിങ്ങൾ സഹസ്രാരത്തിലോ ഹൃദയപത്മത്തിലോ ഏതു ദിവ്യന്റെ ഹൃദയത്തിലോ ധ്യാനിച്ചോളൂ. പക്ഷെ ഞാൻ അലറിവിളിക്കുന്ന സിംഹത്തിന്റെ ഹൃദയത്തെയാണ് ധ്യാനിക്കുന്നതു. അത് എനിക്ക് ശക്തി തരും."


അത്തരം വ്യക്തികൾക്ക് കൊടുക്കേണ്ട സഹായകരമായ ഏക ഉപദേശം അത് മാത്രമാണ്. ധൗർബല്യം ആണ് പരമശത്രു. ദുർബല്യം എല്ലാകാലത്തും ഉണ്ട് എല്ലാ കാലഘട്ടത്തിലും ഈ ഉപദേശങ്ങൾ പ്രസക്തവുമാണ് പക്ഷെ സ്വാമി വിവേകാനന്ദനെ ഇങ്ങനെ ആണോ നാം മനസ്സിലാക്കേണ്ടത് ?


ഇങ്ങനെ മാത്രമല്ല. അദ്ദേഹത്തിന്റെ യഥാർത്ഥ സ്വഭാവമായാ ഹൃദയാലുത്വം, സ്നേഹം, അനുകമ്പ ഒരു ദുർബലനോട് കാണിച്ചാൽ അവൻ വീണ്ടും ധൗർബല്യത്തിലാഴും എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. ഒരു അമ്മ സ്വന്തം മക്കളെ ഒരിക്കലും ദുർബലനാക്കാൻ അനുവദിക്കുകയില്ലല്ലോ. 


പിന്നീട് എല്ലാവരോടുമായി സ്വാമി വിവേകാനന്ദൻ എങ്ങനെ പറഞ്ഞു 


"ഒരു യഥാർത്ഥ മനുഷ്യൻ എന്നാൽ ഒരേസമയം ഒരു പുരുഷന്റെ ബലവും സ്ത്രീയുടെ ഹൃദയാലുത്വവും ഉള്ളവനാണ്." 


സ്വാമി വിവേകാനന്ദൻ ഇപ്രകാരമുള്ള ഒരു പൂർണ്ണമനുഷ്യനായിരുന്നു. 


നമ്മൾ പലപ്പോഴും ഒരു ഈശ്വരസാക്ഷത്കാരം സിദ്ധിച്ച ഒരു മഹായോഗിയെ ജീവിതത്തിൽ കാണാൻ സാധിക്കുമോ അതുവഴി നമുക്കും ഈശ്വരനെ കാണാൻ സാധിക്കുമല്ലോ. അതിനു ഈ ജന്മത്തിൽ ഒരു ദൈവാനുഗ്രം ഉണ്ടാകുമോ എന്നെല്ലാം ചിന്തിക്കാറുണ്ടല്ലോ. 


"ദൈവത്തെ കാണാൻ എന്ത് ചെയ്യണമെന്ന് അറിയാതെ ഉഴറുന്നവർ എന്റെ അരികിലേക്ക് വരിക" എന്നാണ് വിശ്വസമക്ഷം അദ്ദേഹം പറയാറുള്ളത്. 


അദ്ദേഹവും ഒരുപാടുകാലം ദൈവസാക്ഷാത്ക്കാരത്തിനു വേണ്ടി വേദനിച്ച ഒരു ഹൃദയത്തിന്റെ ഉടമയായിരുന്നു. ആ ഹൃദയത്തിന്റെ വേദന അറിയാവുന്ന വേറെ ഒരാളും ഇല്ല. 


ഇതുപോലുള്ള ഒരു സന്യാസിക്കേ ഒരു മനുഷ്യനെ സഹായിക്കാൻ സാധിക്കൂ. 



ഒരിക്കൽ സുഹൃത്വ്യക്തിയുമായുള്ള സംസാരം വളരെ ആഴത്തിലേക്കെത്തി അത് ദൈവസാക്ഷാത്‍കാരം, സമാധി എന്ന വിഷയത്തിൽ എത്തി. സ്വാമിജി സമാധിയെ കുറിച്ച് സംസാരിച്ചു തുടങ്ങിയപ്പോൾ ആർക്കും ഏതൊരു തല്പരനും ഉണ്ടാകാവുന്ന ആകാംഷ അദ്ദേഹത്തിന്റെ കണ്ണുകളിൽ സ്വാമിജി കണ്ടു. ഉടനെ തന്നെ സ്വാമിജി ഇങ്ങനെ പറഞ്ഞു "തങ്ങൾക്കു സമാധി വേണമോ ? ഞാൻ ഇപ്പോൾ തന്നെ തരാം കാരണം അത് തരാനാണ് ഏറ്റവും എളുപ്പം." മായികമായ എന്തോ ഒന്ന് വന്നു അവരുടെ സംവാദത്തെ തടഞ്ഞു എന്ന് വിവേകാനന്ദ സാഹിത്യ സർവ്വസ്വത്തിൽ രേഖപ്പെടുത്തുന്നു.


തനിക്ക് എന്തെങ്കിലും വിശേഷപ്പെട്ടതു ലഭിച്ചിട്ടുണ്ടെങ്കിൽ അത് മറ്റുള്ളവരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കും എന്ന് ഉറപ്പുണ്ടെങ്കിൽ അത് പകർന്നു കൊടുക്കുക എന്നതാണ് ആദ്ദേഹത്തിന്റെ അടിസ്ഥാന സ്വഭാവം. നന്മ. ആ വ്യതിയാകട്ടെ ജീവിതത്തിന്റെ കയ്പ്പുരസം അറിഞ്ഞവനും. ഒരു ഗ്രേറ്റ് വർക്കിന്‌ വേണ്ട എല്ലാ ചേരുവകളും ദൈവം ചേർത്തു. 


"മറ്റുള്ളവരെ സഹായിക്കുക എന്നത് എന്റെ ഒരു ബലഹീനതയാണ്" - സ്വാമി വിവേകാനന്ദൻ


...



അന്നത്തെ നിലവിലെ സാഹചര്യത്തിൽ നിന്നും മാനവരാശിക്ക് കരകയറാൻ ഒരു മഹാകർമ്മം തന്നെ വേണ്ടിയിരുന്നു. ശ്രീരാമകൃഷ്ണദേവൻ തന്റെ  ജ്ഞാനദൃഷ്ടിയിൽ പതിഞ്ഞ കാഴ്ച്ചയിൽ ദൈവാന്യോഷണ പാതയിൽ വഴിതെറ്റിയും പാതിവഴിയിൽ ക്ഷീണിതരായി തളർന്നു പോകുന്ന ലക്ഷോപലക്ഷം ജീവതമാക്കളെ ശ്രീരാമകൃഷ്ണദേവൻ നിരന്തരം കണ്ടു കൊണ്ടിരുന്നു. അത് അവിടുത്തെ വേദനിപ്പിക്കുന്നു. അവിടുത്തേക്ക്‌ ഒരു നിസ്സഹായത അനുഭവപ്പെട്ടു. തന്റെ ഈ ശരീരം ആത്‌മീയ സാധനകളാൽ ലോലമായിക്കഴിഞ്ഞിരിക്കുന്നു. ഈ കഠിനമായ മഹാകർമ്മം ചെയ്യാൻ അവിടുത്തേക്ക്‌ ഒരു സ്വാമി വിവേകാനന്ദനെ ശിഷ്യനായി വേണമായിരുന്നു. 


തന്റെ ക്ഷേത്രങ്കണത്തിലെ മുറിയിലേക്ക് കടന്നു വരുന്ന ഓരോരുത്തരിലും അവിടുന്ന് സ്വാമി വിവേകാനന്ദനെ തേടിക്കൊണ്ടിരുന്നു. വർഷങ്ങളോളം അത് തുടർന്നു. ഒരിക്കൽ ശ്രീരാമകൃഷ്ണ ദേവന് ആശ്വാസം നൽകുന്ന   ഒരു ദിവ്യദർശനം ഉണ്ടായി. മുൻപ് കണ്ട അതെ ദിവ്യ ഋഷി ഇതാ സമാധിസ്ഥനായി ഇരിക്കുന്നു അതും തന്റെ മറ്റ് ശിഷ്യന്മാരുടെ കൂടെ. അവിടുത്തേക്ക്‌ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം ഉണ്ടായി. ആ സന്തോഷാധിക്യത്താൽ അവിടുന്ന് ഉറക്കെ ഉച്ചത്തിൽ വിളിക്കുന്നു  "ഓ നരേന്ദ്രാ..." ആ വിളിക്കു ശേഷം സ്വല്പം ഒന്ന് കണ്ണ് തുറക്കുന്നു. അതോടെ ശ്രീരാമകൃഷ്ണ പരമഹംസ ദേവന് ബോധ്യമായി, ആ ദിവ്യ ഋഷി മറ്റൊരു രൂപത്തിൽ ഭൂമിയിൽ ജനിച്ചിരിക്കുന്നു. വർഷങ്ങൾക്കു ശേഷം ശ്രീരാമകൃഷ്ണ ദേവനെ സ്വാമി വിവേകാനന്ദൻ കണ്ടപ്പോൾ സ്വാമി വിവേകാനന്ദനിലെ ആ മഹാഋഷി പറഞ്ഞു "ഇതാ ഞാൻ വന്നിരിക്കുന്നു."


നരേന്ദ്രനിലെ ദൈവസാക്ഷാത്ക്കാരത്തിനു വേണ്ടി ദാഹിക്കുന്ന ഹൃദയത്തിന്റെ അലകൾ പലപ്പോഴും ശ്രീരാമകൃഷ്ണ ദേവനെ ആശങ്കപ്പെടുത്തി. ദിവ്യമായാ മഹാകർമ്മം ചെയ്യാതെ നരേന്ദ്രൻ സ്വന്തം ആത്മസ്വരൂപം വീണ്ടെടുത്ത് മടങ്ങുമോ എന്ന് വ്യാകുലപ്പെട്ടു. പലപ്പോഴും ശ്രീരാമകൃഷ്ണദേവൻ പ്രാർത്ഥിക്കുറുണ്ടായിരുന്നു "അമ്മേ നരേന്ദ്രന്റെ മുഖത്ത് ഇട്ടിരിക്കുന്ന മായായുടെ ശീല വളരെ ദുർബലമായി എനിക്ക് തോന്നുന്നു. ആ ശീല അമ്മയുടെ മഹാകർമ്മം പൂർത്തീകരിക്കുന്ന വരെ അവിടെത്തന്നെ നിലനിർത്തണേ." പലപ്പോഴും നരേന്ദ്രൻ നേരിട്ട് ശ്രീരാമകൃഷ്ണ പരമഹംസ ദേവനിൽ നിന്ന് നിർവികല്പ സമാധിക്കു വേണ്ടി അപേക്ഷിക്കാറുണ്ടായിരുന്നു. ഒരിക്കൽ മറ്റു പല ശിഷ്യന്മാരോടും രഹസ്യമായി ശ്രീരാമകൃഷ്ണ ദേവൻ എങ്ങനെ പറഞ്ഞു "നരേന്ദ്രൻ ആരാണെന്നു എനിക്ക് അറിയാം. ഏതു നിമിഷം അത് നരേന്ദ്രന് മനസ്സിലാകുന്നുവോ ആ നിമിഷം നരൻ ഒരു യോഗപ്രക്രിയയിലൂടെ ശരീരം ഉപേക്ഷിച്ചു പൂർവ്വസ്ഥതി കൈവരിക്കും." ഈ ഉപദേശത്താൽ പല ശിഷ്യസഹോദരങ്ങളും സ്വാമി വിവേകാനന്ദനോട് ഇത്തരം കാര്യങ്ങൾ അദ്ദേഹത്തിന്റെ ആത്‌മസാക്ഷാത്ക്കാരം, ആത്മജ്ഞാനം എന്നീ വിഷയങ്ങൾ ചോദിക്കാൻ അവസാന കാലം വരെ മടിച്ചിരുന്നു. അവർ അദ്ദേഹത്തെ നഷ്ടപ്പെടുമോ എന്ന് ഭയന്നിരുന്നു. 


സ്വാമി വിവേകാനന്ദന്റെ മഹാകർമ്മം പൂർത്തിയായി എന്ന് വേണം മനസ്സിലാക്കാൻ കാരണം അദ്ദേഹത്തിന്റെ കർമ്മം അതിന്റെ പൂർണ്ണതയിൽ എത്തി. പ്രശസ്തി, സ്വീകാര്യത, വിശ്വസ്തത അത് നേടിക്കഴിഞ്ഞു. മനുഷ്യർ ഈശ്വരാർപ്പിതമായ ഒരു പുണ്യകർമ്മം നേരിൽ കണ്ടു. ഒരിക്കൽ ഒരു സൗഹൃദ സംഭാഷണത്തിനിടയിൽ ഒരു സഹോദര സന്ന്യാസി സ്വാമി വിവേകാനന്ദനോട്  സാധാരണ മട്ടിൽ ഇപ്രകാരം ചോദിച്ചു "ഇപ്പോഴും സ്വാമിജിക്ക് അറിയില്ലേ ആരാണ് അവിടുന്നാണ് " അതിന്റെ മറുപിടിയെപ്പറ്റി എന്തായിരിക്കും എന്ന് സ്വപ്നത്തിൽ പോലും ചിന്തിച്ചിരുന്നില്ലാത്ത ആ സഹോദര സന്ന്യാസിയെ നടുക്കിക്കൊണ്ടു മറുപിടി എങ്ങനെ വന്നു "അറിയാം, ഇപ്പോൾ എനിക്കറിയാം." സമയം അടുത്തോ എന്ന് ഉള്ള സന്ദേഹത്താൽ തകർന്ന ആ സഹോദരസന്ന്യാസി അവിടെ നിൽക്കാൻ ധൈര്യപ്പെട്ടില്ല. 



മനുഷ്യന്റെ ആത്‌മാവിനെ കാണാനും മനുഷ്യ ഹൃദയത്തെ സ്പർശിക്കാനും സിദ്ധി ഉണ്ടായിരുന്ന സ്വാമി വിവേകാനന്ദനെ പലർക്കും മനസ്സിലാക്കാൻ സാധിക്കാതെ പോയി. ശ്രീരാമകൃഷ്ണ പരമഹംസ ദേവന്റെ അപേക്ഷയിൽ സംസാരത്തിലെ ദുരിതം തീർക്കാൻ വന്ന ദിവ്യനായ  ഒരു മഹാ ഋഷി തന്റെ മഹാ ദൗത്യം നിർവ്വഹിച്ചു പൂർവസ്ഥിതിയിലേക്കു താൻ ഭൂമിയിൽ കണ്ടതെല്ലാം മറന്ന് നിർവികാരതയോടെ അവസാനമില്ലാത്ത ആനന്ദിപ്പിക്കുന്ന മരവിപ്പിലേക്കു മടങ്ങും എന്ന് ഒരു പ്രവചന വാക്യം പോലെ പലരും വിശ്വസിച്ചു പൊന്നു. അവസാന ദിവസങ്ങളിൽ പലരും അദ്ദേഹത്തെ തങ്ങളെ വിട്ടു മടങ്ങാൻ തയ്യാറെടുക്കുന്ന ആ ദിവ്യ കഥയിലെ മഹാ ഋഷി ആയി മാത്രം കണ്ടു. ആ ദിവസം വന്നു അന്ന്  അദ്ദേഹം മഹാ സമാധിയിൽ ലയിക്കുകയും ചെയ്തു. 


പലരും സ്വാമി വിവകനന്ദന്റെ വിയോഗം എന്നന്നേയ്‌ക്കു മായുള്ളതായി കരുതുന്നു. അതിനു കാരണം ആ ദിവ്യ കഥ തന്നെ പക്ഷെ അദ്ദേഹത്തിന്റെ വാക്കുകൾ എല്ലാ വിശ്വാസങ്ങളെയും തിരുത്തുന്നു 


"ഒരുപക്ഷെ ഞാൻ ഒരു പഴംതുണി എന്നപോലെ ഈ ശരീരം ഉപേക്ഷിച്ചേക്കാം, പക്ഷെ ഞാൻ എന്റെ ജോലി അവസാനിപ്പിക്കുകയില്ല. അത് ലോകം ദൈവവുമായി ഒന്നാണെന്ന് അറിയും വരെ ഞാൻ എല്ലായിടത്തുമുള്ള മനുഷ്യരെ പ്രചോദിപ്പിച്ചു കൊണ്ടിരിക്കും ".


ഒരിക്കൽ കാശ്മീരിൽ പേരറിയാത്ത ഒരു സ്ഥലത്തു തന്റെ ശിഷ്യന്മാരുടെ നടുവിൽ പല വിഷയങ്ങളും സംസാരിച്ചും കൊണ്ട് വിവേകാനന്ദ സ്വാമി ഇരുന്നു. മഹത്തായ ഈ കർമ്മത്തിൽ സദാ മുഴുകി സ്വാമിജിയുടെ ശരീരം വളരെ ദുർബലമായിപ്പോയല്ലോ എന്ന് വ്യസന സമേതം ഒരു ശിഷ്യൻ പറഞ്ഞപ്പോൾ അതിന് മറുപിടി പറയാൻ എന്ന തക്കവണ്ണം കുറച്ചു കല്ലുകൾ രണ്ട് കയ്യിലുമായി എടുത്തു എന്നിട്ട് ഇങ്ങനെ പറഞ്ഞു "മരണം വന്നടുക്കുമ്പോൾ എന്റെ എല്ലാ ദൗർബല്യങ്ങളും അപ്രത്യക്ഷമാകുന്നു. ഞാൻ ഒന്നിനെയും കുറിച്ച് വ്യാകുലപ്പെടുന്നില്ല, ഒന്നിനെയും കുറിച്ച് സംശയവും ഇല്ല. ഞാൻ മരണത്തിനു തയ്യാറെടുക്കുന്ന തിരക്കിലായിരിക്കും. അത്ര ദൃഢമാണ് എനിക്ക് അതിനെ കുറിച്ച്." ഇരു കൈകളിലെയും കല്ലുകൾ കൂട്ടി മുട്ടിച്ചു കൊണ്ട് ഇപ്രകാരം പറഞ്ഞവസാനിപ്പിച്ചു "എന്തെന്നാൽ ഞാൻ അപ്പോൾ ദൈവത്തിന്റെ പാദം സ്പർശിക്കുകയാണ്".


നിരന്തരമായ  വായനയും പഠനങ്ങളും ആവശ്യപ്പെടുന്ന ആഴമേറിയ ഒരു ജീവിതത്തിനുടമയായ ഒരു ദിവ്യ സംന്യാസിയെ പറ്റി എഴുതി ഫലിപ്പിക്കാൻ വളരെ പ്രയാസം തന്നെ ആയിരുന്നു എന്ന് ഞാൻ ഈ നിമിഷം മനസ്സിലാക്കുന്നു. തെറ്റുകൾ പറ്റിയാലും ആ നിർമ്മലനും ത്യഗമൂർത്തിയുമായ ആ മഹാഋഷിവര്യൻ എന്നോട് യാതൊരു വിധ അപ്രീതിയും പ്രകടിപ്പിക്കില്ല എന്നുള്ള എന്റെ ഉത്തമ ബോധ്യം ആയിരുന്നു ഈ സാഹസത്തിന്റെ ആകെയുള്ള കൈമുതൽ. 


എല്ലാ വായനക്കാർക്കും നന്ദി. സർവേശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ. 


"ഈ ജീവിതം ഹ്രസ്വമാണ്, ലോകത്തിന്റെ മായകൾ ക്ഷണികമാണ്, എന്നാൽ മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുന്നവർ മാത്രമാണ് ജീവിക്കുന്നത്, ബാക്കിയുള്ളവർ ജീവിച്ചിരിക്കുന്നതിനേക്കാൾ മരിച്ചവരാണ്. " 

- സ്വാമി വിവേകാനന്ദൻ 



ശുഭം 

സമാപ്തം 



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ജ്യോതിഷം - നവഗ്രഹങ്ങൾ - 9 planets in astrology

ജ്യോതിഷം - ജാതകത്തിന്റെ 12 ഭാവങ്ങളും അതിന്റെ കരകത്വങ്ങളും

Importance Of Ishta Devatha or Chosen Ideal