ശ്രീരാമകൃഷ്ണ പരമഹംസരുടെ കാളി മാതാവ്

 ഓം ഹരിഃ ശ്രീ ഗണപതയെ നമഃ; 

അവിഘ്നമസ്തു; 

ശ്രീ ഗുരുഭ്യോ നമഃ


ഈ ബ്ലോഗ് പോസ്റ്റ് ബ്രഹ്മമായിയായ കാളി മാതാവിന്റെ ചരണങ്ങളിൽ ഞാൻ സമർപ്പിക്കുന്നു 

ശ്രീരാമകൃഷ്ണ പരമഹംസരുടെ കാളി മാതാവ് 


കാളി എന്ന ദൈവസങ്കല്പം ഹൈന്ദവ ദൈവസങ്കല്പങ്ങളിൽ വിശേഷപ്പെട്ട ഒന്നാണല്ലോ. ദൈവ ഇച്ഛയാൽ മാത്രം, എത്രയോ കാളി ഭക്തരാലും അവരുടെ ദിവ്യജീവിതകഥകളാലും ഈ ദിവ്യ ദൈവസങ്കല്പം നിലനിന്നു പോരുന്നു. കാളി മാതൃ സങ്കൽപ്പം എന്ന വിഷയത്തെ മനസ്സിലാക്കാൻ ഭാഗ്യം സിദ്ധിക്കാത്തവാരലും സിദ്ധിച്ചവരാലും പ്രചരിപ്പിക്കപ്പെട്ട വ്യാഖ്യാനങ്ങളാലും അഭിപ്രായങ്ങളാലും നിറഞ്ഞുകഴിഞ്ഞു നമ്മുടെ ഈ വർത്തമാനകാലം. 


ദൈവസങ്കൽപ്പങ്ങൾ അല്ലെങ്കിൽ ദൈവഭാവങ്ങൾ പലതും ലോകത്തു നിലവിൽ ഉണ്ട്. എല്ലാ സങ്കൽപ്പങ്ങളും ഭാവങ്ങളും ശരിയാണ്  പക്ഷെ വളരെ വ്യകതിപരമായ ഈ സങ്കൽപ്പങ്ങളെ തെറ്റിദ്ധരിക്കാതിരിക്കുക എന്നതാണ് പ്രയാസം എന്ന് നാം മനസ്സിലാക്കേണ്ടതുണ്ട് . തെറ്റായ വ്യാഖ്യാനങ്ങളാണ് ഞാൻ എന്റെ ജീവിതത്തിൽ ധാരാളം കേട്ടിട്ടുള്ളത് . ശ്രീരാമകൃഷ്ണ കൃപ ഒന്നുകൊണ്ട് മാത്രം എനിക്ക് പൂർണ്ണ സംതൃപ്തി നൽകിയ ഒരു വ്യാഖ്യാനം ലഭിച്ചു അത് ശ്രീരാമകൃഷ്ണ പരമഹംസരുടെ കഥാമൃത പാരായണത്തിൽ നിന്ന് മാത്രമാണെന്ന് പറയേണ്ടിവരും. 


ശ്രീരാമകൃഷ്ണ പരമഹംസദേവൻ കാളി എന്ന ജഗദംബിക സങ്കൽപ്പത്തെ അതിന്റെ യഥാർത്ഥ ഇരിപ്പിടത്തിൽ തിരിച്ചു പ്രതിഷ്ഠിക്കുകയാണ് ചെയ്തത്. കാളിമാതൃ സങ്കൽപ്പത്തെ  നമുക്ക് പഠിപ്പിച്ചു തരാൻ ഇന്ന് ഈ ലോകത്തു അവിടുത്തെപ്പോലെ യോഗ്യനായ ഒരു മഹാഭക്തനുമില്ല. 


എന്റെ ഈ വ്യഖ്യാനത്തിന്റെ അടിസ്ഥാന പ്രമാണം ശ്രീരാമകൃഷ്ണ കഥാമൃതം തന്നെ ആണ്. ആ ഭാഗവതഗ്രൻഥത്തിലെ ദിവ്യ സംവാദങ്ങൾ ആണ് .

ശ്രീരാമകൃഷ്ണ പരമഹംസ ദേവന്റെ അനുഗ്രത്താൽ അവിടുന്ന് തന്നെ അതിന്റെ ഉള്ളടക്കം പ്രകാശിപ്പിച്ചു തന്നു. 


വേദങ്ങളിലെ ബ്രഹ്മം, പരമാത്മാവ്, ഭാഗവതത്തിലെ ഭഗവാൻ, തന്ത്രങ്ങളിലെ സച്ചിതാനന്ദസ്വരൂപം, ഭക്തരുടെ ഈശ്വരൻ എന്ന് പല സ്ഥലങ്ങളിൽ പല പേരാൽ നാം അർത്ഥമാക്കുന്ന നമ്മുടെ ദൈവം ആണ് കാളി എന്ന മാതൃ സങ്കല്പംകൊണ്ട് അർത്ഥമാക്കുന്നത് .  ആകെ ഒന്നേ ഉള്ളു ജ്ഞാനികൾ പല പേരാൽ പല സങ്കൽപ്പത്താൽ പല ഭാവത്തിൽ കാണുന്നു. 


വേദങ്ങളിൽ ബ്രഹ്മം എന്ന ഒന്നിനെ മാത്രം അടിസ്ഥാനമാക്കിയാണ് നിലകൊള്ളുന്നത്. ഉപനിഷത്തിലും അതുതന്നെ പിന്തുടരുന്നു. ബ്രഹ്മം അഥവാ പരമാത്മാവ് എന്നതിനെ അറിയേണ്ട അകെ ഉള്ള ഒന്നായി കാണുന്നു. അതിനെ കേന്ദ്രികരിച്ചും അതിനെ ബന്ധപ്പെടുത്തിയും എല്ലാ ശ്ലോകങ്ങളും, സൂക്തങ്ങളും  മന്ത്രങ്ങളും സ്ഥിതി ചെയ്യുന്നു. ഈ ദൈവ സങ്കൽപ്പത്തിനോട് കൂടെത്തന്നെ ദേവതാ സങ്കൽപ്പങ്ങളും കാണാം. എന്തൊക്കെ വേദങ്ങളിൽ പ്രതിപാദിച്ചിട്ടുണ്ടെങ്കിലും വേദത്തിന്റെ പരമകേന്ദ്രം ബ്രഹ്മം എന്ന തത്വം ആണ്. 


ശ്രീഭാഗവത്തിൽ അവതാരം എന്ന വളരെ ദിവ്യമായ ഒരു സങ്കൽപ്പം ഉണ്ട്. ദൈവം മനുഷ്യരുടെ ഇടയിൽ അവതരിച്ചിരിക്കുന്നു എന്നതാണ് അത്. മനുഷ്യരുടെ സൽഗതിക്കാണ് ദൈവം അവതീർന്നായിരിക്കുന്നത് . ഭക്തരും ഭാഗവതവും ഭഗവാനും ഈ ത്രയങ്ങൾ ഭക്തിയോഗത്തിൽ മന്ത്രം പോലെ ദിവ്യങ്ങളാണ്. ഒരു ഭക്തൻ ഭഗവാനെ ഭഗവൽ അനുഗ്രഹത്താൽ ഒരു മനുഷ്യജന്മത്തിൽ തിരിച്ചറിയുന്നു എന്ന മഹാദർശനമാണ് അവന്റെ  മഹായോഗം. അതായതു ശ്രീഭാഗവത്തിലെ പരമകേന്ദ്രം ഭഗവാൻ ആണ് .


തന്ത്രങ്ങളുടെ കാര്യം അല്പം വ്യത്യസ്തമാണ്. തന്ത്രങ്ങൾ പ്രയോഗ പദ്ധതികളാണ് അതുകൊണ്ട് തന്നെ സ്വന്ത്രമായ ഒരു വ്യാഖ്യാനം അത് പ്രോത്സാഹിപ്പിക്കുന്നില്ല. വ്യക്തിപരതയുടെ തിരുമഞ്ചത്തിൽ ഇരുന്ന് പ്രായോഗികതയുടെ വക്താവായ മനുഷ്യൻ പ്രയോഗിക്കുന്ന സാധനകളാണ് തന്ത്രങ്ങൾ എന്ന് എന്റെ എളിയ അറിവ്. അതിന് പ്രതിപാദ്യ വിഷയത്തിനേക്കാൾ പരിഗണന ഉദ്ദേശത്തിനാണ്. അതുകൊണ്ട് ഒന്നുമാത്രം അത് വേദം പോലെ ദൈവ തത്വം മനസ്സിലാലാക്കാനായി സ്വീകരിക്കുന്ന ഒരു ഗ്രൻഥം അല്ല. ഒരിക്കലും മനസ്സിലാക്കാൻ സാധിക്കാത്ത ബ്രഹ്മ തത്വം തന്നെ ആണ് തന്ത്രത്തിന്റെ അടിസ്ഥാനം. 


ഒരു പ്രയോഗ പദ്ധതിയിൽ മനസ്സിലാക്കാൻ വയ്യാത്ത ഒന്നിനെ അടിസ്ഥാനം ആക്കുവാൻ ഒരിക്കലും സാധിക്കുകയില്ലല്ലോ. അതിനാൽ ബ്രഹ്മത്തെ ശിവനും ശക്തിയും ആയി രണ്ടായി കാണുന്നു. ആകെ ഒന്നേ ഉള്ളു പക്ഷെ ഒന്നായി മാത്രം അറിയാൻ സാധിക്കുന്ന ഒരു വിഷയം തന്നെ അല്ല ബ്രഹ്മം. ഈ താന്ത്രിക ചിന്താധാരയിലിലൂടെ കാളി മാതൃ തത്വം ധാരാളം പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്. 


സനാതന ധർമ്മം മനുഷ്യനെ ദൈവത്തോട് മാത്രം അഭിമുഖനാക്കുന്നു. ദൈവതത്വത്തെ മാത്രം ആരാധിക്കുവാൻ ഉപദേശിക്കുന്നു. സനാതന ധർമ്മത്തിന്റെ ഒരേയൊരു ഉപദേശം മനുഷ്യൻ ദൈവത്തെ സാക്ഷാത്ക്കരിക്കുക സ്വതന്ത്രനാകുക എന്നതാണ്. 


പക്ഷെ എന്റെ വ്യക്തിപരമായ അനുഭവത്തിൽ കാളി മാതൃ സങ്കൽപ്പത്തെ ദൈവ സങ്കല്പത്തിൽനിന്നു വേർപെടുത്തി ചിത്രീകരിക്കുന്നതായി കണ്ടിട്ടുണ്ട്. അത് തെറ്റായ ഒരു സങ്കൽപ്പം ആണ്. ദൈവത്തെ നാം കാളി എന്ന് സങ്കൽപ്പിക്കുന്നു. ദൈവത്തെ എങ്ങനെ വേണമെങ്കിലും സങ്കല്പിക്കാം, ദൈവം സച്ചിതാനന്ദനാണ് ഇഷ്ട ഭാവത്തിൽ രൂപത്തിൽ അത് നമുക്ക് സാക്ഷാത്‍കൃതമാകുന്നു. ഇതാണ് വസ്തുത. 


ദൈവത്തെ അമ്മയായി സങ്കൽപ്പിക്കുക ഉപാസിക്കുക ഒരു കുഞ്ഞിനെപ്പോലെ. ഒരു കുഞ്ഞിന്റെ പൂർണ്ണ ഭാവത്തിൽ ദൈവത്തെ ഉപാസിക്കുക എന്നതാണ് തന്ത്രത്തിന്റെ തിരുരഹസ്യം. ഒരു കുഞ്ഞു ജനിക്കുമ്പോൾ ഒരമ്മയും കൂടെ ജനിക്കുന്നു. ജഗത്തിന്റെ പൂർണ്ണഅർത്ഥത്തിലുള്ള ആ കുഞ്ഞു ജനിക്കുമ്പോൾ ദൈവത്തിലെ  ജഗദംബികയും ഉണരുന്നു. 


ദൈവത്തിൽ രക്ഷകൻ എന്ന ഭാവം, മാതാവ് എന്ന ഭാവം, കുട്ടി എന്ന ഭാവം, മധുര ഭാവം, സുഹൃത്ത് എന്ന ഭാവം, ദാസൻ എന്ന ഭാവം തുടങ്ങി എത്രയോ ഭാവത്തിൽ നമുക്ക് ദൈവത്തെ ആരാധിക്കാം. മാതൃ ഭാവ ആരാധന പല കാരണത്താലും മറ്റേതിൽ നിന്നും മാറ്റ് കൂടി നിൽക്കുന്നു. മനുഷ്യന്റെ ദൈവ സങ്കൽപ്പത്തിൽ മാതൃ ഭാവം അന്തർലീനമായിരിക്കുന്നു. മാതൃ ഭാവം ഇല്ലാത്ത ദൈവ സങ്കൽപ്പത്തെ ഒരു മനുഷ്യന് ഉൾകൊള്ളാൻ സാധ്യമല്ല. അത് ഒരു ദൈവസങ്കല്പമായി നിലകൊള്ളില്ല. അതിനു ഒരു മഹാ ശക്തിയായും നിയന്ത്രണ കേന്ദ്രമായുമെല്ലാം നിലകൊള്ളാൻ സാധിക്കുമായിരിക്കും പക്ഷെ ഒരു മനുഷ്യന്റെ ഹൃദയത്തിൽ ദൈവം കുടിക്കൊള്ളുന്നുണ്ടെങ്കിൽ അതിൽ കടലിൽ ഉപ്പ് എങ്ങനെയോ അതുപോലെ അദൃശ്യമായി മാതൃത്വം ലയിച്ചിരിക്കുന്നത് കൊണ്ടാണ്. 


അതിനാൽ തന്നെ മാതൃ ഭാവത്തിൽ ആരാധിക്കുന്നത് മറ്റു ഭാവങ്ങളിൽ നിന്നും കൂടുതൽ തിളക്കമാർന്ന ഒരു സങ്കല്പമായി കാണാം. എന്നിരുന്നാലും ഒരു പദ്ധതി മറ്റുള്ളവയിൽനിന്നും തിളക്കമാർന്നു എന്ന ഒറ്റ കാരണത്താൽ അതിനെ ഒരുവന്റെ സാധന മാർഗ്ഗത്തിൽ കൊണ്ടുവരാൻ സാധ്യമല്ല മറിച്ചു പ്രായോഗികം ആകണം. പ്രായോഗികം എന്നാൽ ഒരുവന്റെ ഹൃദയത്തിൽ പ്രതിഷ്ഠിക്കാൻ പറ്റുന്നതായിരിക്കണം. 


ദൈവത്തെ ഹൃദയത്തിൽ പ്രതിഷ്ഠിക്കാൻ സാധിക്കുക എന്നതാണ് ദൈവ സങ്കൽപ്പങ്ങളെയും ദൈവഭാവങ്ങളെയും ഉപാസനക്ക് സ്വീകരിക്കാൻ നോക്കേണ്ടുന്ന പ്രധാന കാര്യം. മനശ്ശാസ്ത്രപരമായ കാരണങ്ങളാൽ ഒക്കെ ഒരുവനു ചില ദേവതാ സങ്കൽപ്പങ്ങളിൽ ദൈവത്തെ കാണുവാൻ സാധിക്കില്ല. ഉപാസന മനസ്സിന്റെ പൂർണ്ണമായ അർപ്പണം ആവശ്യപ്പെടുന്നതുകൊണ്ടാണ് വളരെ വിഷ്ടമായ ദേവത സങ്കൽപ്പങ്ങൾ ആയിരുന്നിട്ടു കൂടി ചിലർക്ക്  ആ സങ്കൽപ്പത്തിൽ ഉപാസന വിധിക്കാറില്ലാത്തതു.  


കാളി എന്നത് ബ്രഹ്മമായി ആയ മാതാവാണ് എന്നാണ് ശ്രീരാമകൃഷ്ണ പരമഹംസദേവൻ പഠിപ്പിച്ചു തരുന്നത്. ബ്രഹ്മം എന്ന തത്വത്തിൽ തന്നെ മാതാവിനെ കാണുക. ആ കാളി സങ്കൽപ്പത്തിൽ ഒരുക്കലും മനസ്സിലാക്കാൻ സാധിക്കാത്ത ആ ബ്രഹ്മ തത്വത്തെ പ്രതിനിധാനം ചെയ്യുന്നു. ശ്രീരാമകൃഷ്ണ പരമഹംസദേവൻ ഒരു ശിശുവിന്റെ ഭാവത്തിൽ ദൈവത്തെ അമ്മയായി അഥവാ കാളിയായി ഉപാസിച്ചു. 


എല്ലാ ഭാവങ്ങളും സങ്കൽപ്പങ്ങളും വിശേഷപ്പെട്ടത് തന്നെ ആണ്  കാരണം എല്ലാത്തിലും ഒന്നിനെ തന്നെ ആണല്ലോ ഉപാസകർ കാണുന്നത് . ദൈവ കേന്ദ്രീകൃതമായി വേണം പല തരം  ആചാരങ്ങളെയും ഉപാസനയെയും സാധനകളെയും കാണുവാൻ.


ഭക്തി മാർഗ്ഗത്തിൽ ഒരുവന്റെ ഏറ്റവും ഉച്ചതമമായ വികാരം 'അമ്മ' എന്നതാണെങ്കിൽ അയാൾ ദൈവത്തെ അമ്മയായി കാണണം മറ്റൊരു വിധത്തിൽ പറഞ്ഞാൽ ദൈവത്തെ ഒരു അമ്മയായി കാണാൻ അനുവദിക്കാത്ത ഒരു ദൈവ സങ്കൽപ്പത്തിന് അയാളുടെ ഹൃദയത്തിൽ പ്രതിഷ്ഠ ഇല്ല. ഹൃദയത്തിലെ ദൈവത്തിന്റെ സ്ഥാനം ഇല്ലാതാവുന്നതോടെ ഒരു മനുഷ്യന്റെ അത്യന്തതികമായ ജന്മോദ്ദേശം നടക്കാതെ പോകുന്നു. 


മറിച്ച്‌, വൈഷ്‌ണ സങ്കൽപ്പത്തിൽ വിഷ്ണുവിനെ ദൈവം ആയി കാണുന്നു. സർവ ചരാചരങ്ങളിലും അകത്തും പുറത്തും നിറഞ്ഞു നിൽക്കുന്ന സച്ചിദാനന്ദസ്വരൂപം. നാരായണ സങ്കൽപ്പം. അതാണ് ദൈവം. ഒരു വിഷ്ണു ഭക്തൻ ഭഗവാനെ അവന്റെ ഏക ആശ്രയമായി കാണുന്നു. രക്ഷകനായി കാണുന്നു. സ്വന്തം പിതാവിനെ പോലെ തന്നെ രക്ഷിക്കാൻ കഴിയുന്ന ഒന്നായി മഹാവിഷ്ണുവിനെ കാണുന്നു. ആ ഭക്തനിൽ ഉള്ള ഉച്ചതമയായ വികാരം രാക്ഷന്റെ ആണ്, പിതാവിന്റെ ആണ്. ശൈവ സങ്കൽപ്പവും ഇത് തന്നെ പ്രതിനിധാനം ചെയ്യുന്നു. ഭാവത്തിൽ വ്യതാസം ഉണ്ട് എന്ന് മാത്രം. ശൈവത്തിൽ സച്ചിദാനന്ദ ശിവൻ എന്നാണ് കാണുക. 


ഒരുവന്റെ ഹൃദയത്തിന്റെ താമര ഒരേ ഒരു ദേവന് (ദൈവ സങ്കൽപ്പത്തിന്) മാത്രം തുറക്കപ്പെടുന്നു. ദൈവത്തെ ഹൃദയത്തിലേക്കാവാഹിക്കാതെ ആത്‌മീയജീവിതം മുകളിലേക്ക് പുരോഗമിക്കുകയില്ല. 


തിരിച്ചു കാളി മാതൃ സങ്കൽപ്പത്തിലേക്കു, മേൽപ്പറഞ്ഞ കാരണങ്ങളാൽ ഒരു ഉപാസകൻ ഒരു പ്രത്യേക ദൈവ സങ്കൽപ്പത്തെ ധ്യാനിക്കുന്നു ഉപാസിക്കുന്ന സാക്ഷാത്ക്കരിക്കുന്നു. ഒരു കാളി ഭക്തൻ ഒരു ശിശു തന്നെ ആണ് . അയാളുടെ ആന്തരികമായ രൂഢ ഭാവം ഒരു നിഷ്കളങ്കനായ ഒരു ശിശുവിന്റെ ആണ്. അതിനു ഒരു 'അമ്മ' ഉണ്ട് എന്ന വിശ്വാസം ആണ് അതിന്റെ കൈമുതൽ. ഒരു കരച്ചിലിൽ ബ്രഹ്മാണ്ഡ കടാഹത്തിന്റെ ഏതു ശബ്ദ കോലാഹലങ്ങളെയും തുളച്ചു കയറി തന്റെ മാതാവിന്റെ ചെവിയിൽ എത്താൻ കഴിയുന്നതാണല്ലോ. 


ആ കുഞ്ഞിന്റെ ഇച്ഛശക്തി അളക്കാൻ സാധിക്കാത്തതാണ്. ആ കുഞ്ഞിനെ പറ്റിയും അതിന്റെ അമ്മയായ ജഗദംബികയെ പറ്റിയും എത്രയോ ശ്ലോകങ്ങൾ സൂക്തങ്ങൾ! സൗന്ദര്യ ലഹരിയിൽ ശങ്കരാചാര്യർ വർണ്ണിക്കുന്നതും ഇതു തന്നെ.


ബ്രഹ്മവും ശക്തിയും രണ്ടല്ല. ഒന്ന് മറ്റൊന്നിൽ കൂടി ചേർന്നിരിക്കുന്നതായും കാണരുത്. ഒറ്റ വസ്തു ആയി കാണണം. വേർതിരിക്കാൻ പറ്റുന്നതായും കാണരുത്. വേർതിരിക്കാൻ സാധിക്കുന്നതായി കണ്ടാൽ  അത് അതല്ലാതെ ആകും പോലെ അത്രക്ക് ഒന്ന് മറ്റൊന്നിന്റെതായിരിക്കുന്നതാണു ബ്രഹ്മവും ശക്തിയും.


ശ്രീരാമകൃഷ്ണ പരമഹംസദേവൻ എങ്ങനെ പറയുന്നു, 


ബ്രഹ്മവും ശക്തിയും പാമ്പും അതിന്റെ വളഞ്ഞു പുളഞ്ഞ ചലനവും പോലെ ആണ്. പാമ്പിനെ അതിന്റെ വളഞ്ഞു പുളഞ്ഞ ചലനമില്ലാതെ എങ്ങനെ സങ്കല്പിക്കാനാകും ?


വീണ്ടും പറയുന്നു, 


ബ്രഹ്മവും ശക്തിയും പാലും അതിന്റെ വെള്ള നിറവും പോലെയാണ് . പാലിനെ അതിന്റെ വെള്ള നിറമില്ലാത്ത സങ്കൽപ്പിക്കാൻ സാധിക്കുമോ ?



വീണ്ടും പറയുന്നു, 


ബ്രഹ്മവും ശക്തിയും വെള്ളവും അതിന്റെ നനവും പോലെയാണ്. വെള്ളത്തെ നനവില്ലാതെ ആർക്കെങ്കിലും സങ്കൽപ്പിക്കാൻ സാധിക്കുമോ ?


വീണ്ടും പറയുന്നു, 


ബ്രഹ്മവും ശക്തിയും രത്‌നവും അതിന്റെ ശോഭയും പോലെ ആണ്.



വീണ്ടും ഉറപ്പിച്ചു  പറയുന്നു, 


കാളിയെ  ഒന്നും ചെയ്യാതെ ഇരിക്കുമ്പോൾ ബ്രഹ്മം എന്ന് വിളിക്കുന്നു. ബ്രഹ്മത്തെ പ്രവൃത്തിക്കുമ്പോൾ കാളി എന്ന് വിളിക്കുന്നു.



പൂർണ്ണമായും ഉൾക്കൊള്ളാൻ സാധിക്കുന്നില്ലെങ്കിൽ വിഷമിക്കേണ്ട കാരണം ഇത് നമുക്ക് പഠിപ്പിച്ചു തന്നത് ശ്രീരാമകൃഷ്ണ പരമഹംസദേവൻ ആണ്. അത് അദ്ദേഹത്തിന്റെ ആന്തരിക സാക്ഷരത്തിൽ നിന്ന് പുറത്തേക്കു ബഹിർഗമിച്ച സരസ്വതി ആണ് അത്. 


നിങ്ങൾ  ബ്രഹ്മത്തെ സാക്ഷാത്ക്കരിക്കുമ്പോൾ ശക്‌തിയേയും സാക്ഷാത്ക്കരിക്കുന്നു. ശക്തിയെ ഉപാസിക്കുമ്പോൾ ബ്രഹ്മത്തെ തന്നെ ആണ് ഉപാസിക്കുന്നതും.  ബ്രഹ്മത്തെ ശക്‌തിയായി കാണുന്ന തന്ത്ര മാർഗ്ഗമാണ് ശാക്തേയം. 



കാലാകാലങ്ങളായി ഭാരതത്തിന്റെയും കേരളത്തിന്റെയും ഉൾപ്രദേശങ്ങളിലും ആരാധിച്ചു വരുന്ന ആ ഘോര രൂപിണിയായ ദേവതാ സങ്കൽപ്പം വാസ്തവത്തിൽ നമ്മളും നമ്മുടെ പൂർവികരും അറിഞ്ഞോ അറിയാതയോ ചെയ്തിരുന്നത് വേദങ്ങളിലെ ബ്ര്ഹമ ഉപാസന തന്നെ ആണ്. 


ദൈവം ഒന്നേ ഉള്ളു. കൃഷ്ണൻ ഒരു ദൈവം, കാളി മറ്റൊരു ദൈവം എന്നൊന്നില്ല. ദൈവം പല രൂപത്തിൽ ഭാവത്തിൽ. ദൈവം ഒരേ സമയം ഒരേ സ്ഥലത്തു പല രൂപത്തിലും ഭാവത്തിലും പ്രകടമാകുന്നു. ദൈവത്തിൽ എന്തും സാദ്ധ്യം. 


കാളി മാതൃ സങ്കൽപ്പത്തിന്റെ പൊരുൾ അല്ലെങ്കിൽ ആ ഘോര രൂപം എന്തിനെ അർത്ഥമാക്കുന്നു എന്ന ചോദ്യം അവശേഷിക്കാം. ആ ചോദ്യത്തിന് ഉത്തരം ഇല്ല പല വ്യാഖ്യാനങ്ങൾ മാത്രം. കാരണം ദൈവത്തെ ഒരിക്കലും അറിയാൻ സാധ്യമല്ല അനുഭവിക്കാനേ സാധിക്കു. ദൈവം തലച്ചോറിന്റെ വിഷയമല്ല മറിച്ചു ഹൃദയത്തിലെ ആനന്ദമാണ്. 


പരമ്പരാഗതമായി കാളി ഉപാസന ഉള്ള പല കുടുംബങ്ങളും ഇന്ന് ഉണ്ട്. ആ കുടുംബങ്ങളിലെ അംഗങ്ങൾക്ക് കാളി മാതൃ ദൈവ സങ്കൽപ്പത്തെ കുറിച്ച് അറിയാൻ ആത്മാർഥമായി ആഗ്രഹമുണ്ടെങ്കിൽ അവർ ജീവിതത്തിൽ എപ്പോഴെങ്കിലും ശ്രീരാമകൃഷ്ണ പരമഹംസരുടെ കാളി മാതൃ സങ്കല്പത്തെ വായിക്കേണ്ടുന്ന ഒന്നാണ്. ഒരു ജിഗ്‌സൗ പുസ്സ്‌ലിൽ എന്ന പോലെ , അവിടവിടങ്ങളായി ചിന്നി ചിതറിക്കിടക്കുന്ന മനസ്സിലെ കാളി മാതൃ ചിത്രത്തെ ഒരു ജ്ഞാന കാന്തം കൊണ്ടെന്നപോലെ ഒരുമിപ്പിച്ചു അതിന്റെ യഥാർത്ഥ ചിത്രം പ്രകാശിപ്പിച്ചു തരും ശ്രീരാമകൃഷ്ണപരമഹംസദേവൻ. 


ഞാൻ എനിക്ക് ലഭിച്ച പരിമിതമായ അറിവിന്റെ വെളിച്ചത്തിൽ ഉണ്ടായ ചില വീക്ഷണങ്ങൾ പങ്കുവെക്കുക മാത്രം ആണ് ചെയ്തത്. പഠിപ്പിക്കുകയോ ഉപദേശിക്കുകയോ ആയിരുന്നില്ല ഈ ബ്ലോഗിന്റെ ഉദ്ദേശം. 


ഒരിക്കലും പറഞ്ഞോ വിവരിച്ചോ വ്യഖ്യാനിച്ചോ അറിയാൻ സാധിക്കാത്ത ഈ മഹാ തത്വത്തിന്റെ പ്രകാശത്തിന്റെ നേർക്ക് ഒരു ചെറു കാൽവെപ്പു കൂടി എന്ന് മാത്രം കാണുക. ദൈവാനുഗ്രഹത്താൽ അത് നേർ ദിശയിലേക്കു നയിക്കപ്പെടും എന്ന് വിശ്വസിക്കുന്നു.


നന്ദി !


"കാളി, എന്റെ അമ്മ, യഥാർത്ഥത്തിൽ കറുത്തതാണോ ?

ആ നഗ്നയായ കറുത്തവൾ ,

എന്റെ ഹൃദയകമലത്തിൽ പ്രകാശം കൊളുത്തിയവൾ  ...... "

-- കാമലകാന്തൻ 




ജയ് കാളിമാതാ !




ശുഭം 

സമാപ്തം 

 


 


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ജ്യോതിഷം - നവഗ്രഹങ്ങൾ - 9 planets in astrology

ജ്യോതിഷം - ജാതകത്തിന്റെ 12 ഭാവങ്ങളും അതിന്റെ കരകത്വങ്ങളും

Importance Of Ishta Devatha or Chosen Ideal