ജപം - സാധനയുടെ ലളിത മാർഗ്ഗം

 


 ഓം ഹരിഃ ശ്രീ ഗണപതയെ നമഃ; 

അവിഘ്നമസ്തു; 

ശ്രീ ഗുരുഭ്യോ നമഃ


ജപം - സാധനയുടെ ലളിത മാർഗ്ഗം 


ജപത്തെ ഈശ്വര സാധനകളിലെ വളരെ ഫലപ്രദവും അതേസമയം താരതമ്യേന ലളിതമായ ഒരു സാധനയായി കാണാവുന്നതാണ് . ഒരു സാധകൻ അവന്റെ സാധനകളുടെ ആരംഭഘട്ടത്തിൽ ജപത്തിലായിരിക്കും അധികം സമയം ചിലവഴിക്കാറുള്ളത് .  ക്രമേണ അത് ധ്യാനത്തിലെക്കു സ്വാഭാവികമായി ഗതിമാറുന്നു. 


ധ്യാനം പൂർണ്ണമായും മാനസികമായിരിക്കെ ശാന്തമായ ഒരു മാനസികാവസ്ഥ ആത്യന്തികമായും ഇത്  ആവശ്യപ്പെടുന്നു.  മനസ്സിനെ ശാന്തമാക്കാൻ ധ്യാനം അഭ്യസിക്കുന്ന സാധകന് ശാന്തമായ ഒരു മനസ്സു മുമ്പേതന്നെ വേണം എന്ന ആവശ്യകത ഒരുവനിൽ ഒരു വൈരുദ്ധ്യമായി തോന്നിയേക്കാം. 


ഏതു സാധകനും അവൻ ഇപ്പോൾ നിൽക്കുന്ന സ്ഥലത്തുനിന്നു തന്നെ വേണം മുന്നോട്ടു നീങ്ങുവാൻ. ഒരു പുസ്തകം വായിച്ചു സങ്കല്പികമായി മാത്രം ഒരാൾക്ക് നിലനിൽക്കുന്ന യാഥാർഥ്യങ്ങളെ തമസ്കരിക്കാൻ സാധിക്കുകയില്ല. യാഥാർഥ്യത്തെ അംഗീകരിച്ചുകൊണ്ടേ നമുക്ക് മുന്നോട്ടു സഞ്ചരിക്കാൻ കഴിയു. അതിനു ഒരാൾക്ക് നിലവിലെ ശാരീരികവും മാനസികവുമായ അവസ്ഥയുടെ വൃത്തപരിധിക്കുള്ളിൽ നിന്നുകൊണ്ട് എന്ത് ചെയ്യാൻ സാധിക്കും എന്ന് പ്രായോഗികമായി ചിന്തിക്കേണ്ടിവരും. 


സാധനയെ പ്രയോഗികമാക്കുക എന്നതാണ് പ്രധാന കാര്യം. ദൈവത്തിലുള്ള മനസ്സിന്റെ ഏകാഗ്രതയാണ് സാധനയുടെ ലക്‌ഷ്യം. ഈ രണ്ടു കാര്യങ്ങൾ ഉള്ളിൽ വച്ചുകൊണ്ടു വേണം ഏതൊരു സാധന വിഷയങ്ങളെയും സമീപിക്കുവാൻ. ജപം പ്രായോഗികവും അതേസമയം ഫലദാന ശേഷിയുമുള്ള ഒരു സാധനമാർഗ്ഗമാണ്. ഒരു സാധാരണ മനുഷ്യൻ തൊട്ട് മഹായോഗികളെ വരെ നമുക്ക്  ജപസാധകരായി കാണാവുന്നതാണ്. 


ധ്യാനത്തെ അപേക്ഷിച്ചു ജപത്തിനു ചില പ്രായോഗിക വശങ്ങളുമുണ്ട് . പല മഹാഗുരുക്കന്മാരും ജപത്തെ പ്രചരിപ്പിച്ചതിന് പ്രധാന കാരണം ഈ പ്രായോഗിക വശങ്ങളാണ്. അവർ ധ്യാനത്തിന്റെ സ്ഥൂലമായ ഒരു രൂപമായാണ് ജപത്തെ കണ്ടിരുന്നത് . ധ്യാനം സ്ഥൂലവിഷയങ്ങളിൽനിന്നു ആരംഭിച്ചു സൂക്ഷമ വിഷയങ്ങളെ വരെ വിഷയമായി ധ്യാനിക്കാനുള്ള കഴിവ് നേടുക എന്നതാണ്. അതിനാൽ ജപത്തെ ധ്യാനത്തിന്റെ മുന്നോടിയായി അവർ കണക്കാക്കിയിരുന്നു. 


ജപത്തിന്റെ ശാരീരികമായ പങ്കാളിത്തം ഒരു സാധകന് പൂർണ്ണമായും മനസ്സികമായ ധ്യാനത്തെപോലെ കഠിനമായൊരാഭ്യാസമല്ല. കലുഷിതവും പ്രക്ഷുബ്ദ്ധവുമായ ഒരു മനസ്സ് വച്ചിട്ട് ധ്യാനിക്കാൻ ആർക്കും സാധ്യമല്ല. മനസ്സ് പലപ്പോഴും പല ഗുണങ്ങളെ (സത്വ , രജസ്സ് , തമസ്സ് ) മാറി മാറി പ്രകടിപ്പിച്ചു കൊണ്ടിരിക്കും. ഓരോ ദിവസവും ഓരോ മനസ്സികാവസ്ഥലിൽ നമ്മൾ മുങ്ങിത്താണിരിക്കും. ശാന്തമായ ഒരു മനസ്സിനെ കാത്തിരുക്കുകയാണെങ്കിൽ ദൈനംദിനമുള്ള സാധനകൾ തടസ്സപ്പെട്ടുപോയേക്കാം.അതുവഴി സാധന എന്ന സത് ശീലം തന്നെ മുറിഞ്ഞകന്നു പോയേക്കാം. 


ശാരീരികാവസ്ഥ മനസ്സികാവസ്ഥപോലെ വളരെ എളുപ്പം മാറിക്കൊണ്ടിരിക്കുന്ന ഒന്നല്ല. ശാരീരികാവസ്ഥ താരതമ്യേന കൂടുതൽ സ്ഥിരത പ്രകടിപ്പിക്കുന്നതാണ് . കഴിക്കുന്ന ഭക്ഷണവും അതിന്റെ സമയക്രമങ്ങളും മാത്രം വച്ചിട്ട് ശാരീരികാവസ്ഥയെ നിലനിർത്താൻ സാധിക്കും. അതേസമയം ഒരു ദിവസം മുഴുവൻ കഠിനമായി ജോലി ചെയ്തിട്ട് വൈകിട്ട് ധ്യാനിക്കാൻ ശ്രമിച്ചാൽ ആ ശ്രമം വിഫലമാകാനും സാധ്യതയുണ്ട്. 


ഓരോ  ദിവസവും ഒരാളെ  സ്പർശിക്കുന്ന വിഷയങ്ങൾ മനസ്സിൽ എളുപ്പം സ്വാധീനം ചെലുത്തുന്നു. മനസ്സ് ഒരു ദ്രാവകം പോലെയും ശരീരം അല്പം ഖരാവസ്ഥയിലുമുള്ളതുപോലെ നമുക്ക് അനുഭവപ്പെടുന്നു. എളുപ്പം മാറ്റങ്ങൾ സംഭവിക്കുന്ന ഈ ദ്രാവക പ്രതലത്തിൽ ഒരു ധ്യാനവിഷയം സ്ഥിരമായിരിയ്ക്കാൻ പ്രയാസപ്പെടും. ജപത്തിലെ ഉരുവിടുന്ന ക്രിയ  അത് ശാരീരികമാണ് . അത് കൈകളും കാലുകളും നമ്മൾ ചലിപ്പിക്കുന്ന പോലെ ദൃഢമായ ഒരു പ്രവൃത്തിയാണ് . ഈ ദൃഢത , വഴുതിപ്പോകുന്ന മാനസ്സിക പ്രതലത്തിൽ ധ്യാന വിഷയത്തിന് ഒരു പിടി നൽകുന്നു. 


ആരംഭത്തിൽ മനസ്സു തീരെ ഏകാഗ്രമായിരിക്കുകയില്ല അതിനാലാണ് സാധകൻ സ്വയം കേൾക്കുന്ന തോതിൽ ശബ്‍ദം പുറപ്പെടുവിച്ചുതന്നെ ജപിക്കുന്നത് . ഉച്ചരിക്കുക, കേൾക്കുള്ള എന്നീ രണ്ടു ഇന്ദ്രിയ പ്രവർത്തനങ്ങൾ ഒരു തുടക്കകാരന് സഹായകരമാവും അളവിൽ ധ്യാനവിഷയത്തെ കേന്ദ്രികരിക്കാനുള്ള ഒരു സാഹചര്യം സൃഷ്ടിക്കുന്നു.  പകുതി മാനസികം മറു പകുതി ശാരീരികം എന്ന അളവിൽ ഒരു വിഷയത്തെ ധ്യാനിക്കുകയാണ് തുടക്കത്തിൽ ഉത്തമം. പതുക്കെ പതുക്കെ ശാരീരികമായുള്ള പങ്കാളിത്തം കുറച്ചു പൂർണ്ണമായും മനസികമാക്കണം.


തുടക്കകാലത്തു നാം വച്ചുപുലർത്തേണ്ടുന്ന ഒരു സമീപനം അത് വിനയത്തിന്റേതാണ്. ഏതൊരു ഉപദേശങ്ങളോടുമുള്ള വിനയം നമ്മളുടെ ജോലി എളുപ്പമാക്കുന്നു. "ഇരുന്നിട്ട് കാലുകൾ നീട്ടുവാൻ ശ്രമിക്കുക" എന്ന് പറയാറില്ലേ. അത്തരം സമീപനങ്ങൾ പക്വ്ത ഉള്ള ഒരു മനസ്സിന്റെ ആണ്. നാം എത്തിച്ചേരേണ്ട ലക്ഷ്യത്തിന്റെ മഹത്മ്യം മനസ്സിലായാൽ നമ്മുടെ സാധനകളിൽ ഗൗരവം വന്നു ചേരും. പകരം അഹങ്കാരത്തോടുകൂടിയ സമീപനങ്ങൾ നമ്മേ എവിടെയും കൊണ്ട് ചെന്നെത്തിക്കില്ല. അത് നമ്മുടെ ആദ്ധ്യതമിക യാത്രയുടെ ദൈർഘ്യം കൂടിക്കൊണ്ടിരിക്കും. നമുക്ക് എന്തെകിലും അറിയാം എന്നുള്ള ചിന്ത എല്ലാ സഹായങ്ങളെയും നമുക്ക് അപ്രാപ്യമാക്കുന്നു. അഹങ്കാരം ലവലേശം ഇല്ലാത്ത സാധകർ വളരെ അനുഗ്രഹീതർ ആണ്. അവർ എളുപ്പം ലക്‌ഷ്യം കൈവരിക്കുന്നു. 


ആലസ്യം ആണ് സാധനയുടെ അടുത്ത ശത്രു. താമസികമായ മനോഗുണമാണത്. ഇത് എത്ര അറിവുള്ളവനെയും ദൗർഭാഗ്യവാനാക്കും. ഇതിനെ കുറിച്ച് സ്വാമി വിവേകാനന്ദൻ പറഞ്ഞത് ഇങ്ങനെ ആണ്. 


"നിങ്ങൾ കർമ്മനിരതനായി ഇരിക്കുമ്പോൾ എല്ലാം എളുപ്പമാകുന്നു. പക്ഷെ നിങ്ങൾ മടിയനാകുമ്പോൾ ഒന്നും എളുപ്പമല്ലാതെയാകുന്നു."


മനസ്സിന്റെ ഒരു താണ അവസ്ഥയാണ് ആലസ്യം. ഒരു താണ അവസ്ഥയിലിരുന്നുംകൊണ്ട് ഒരു മഹത്തായ കർമ്മം ചെയ്യാൻ സാധിക്കുകയില്ലല്ലോ. മനസ്സ് സാത്വിക ഗുണം പ്രകടിപ്പിക്കുന്ന അവസരത്തിലെ സാധനകൾ ഫലം തരുകയുള്ളു. അതിനാൽ മനസ്സിനെ ജാഗ്രതയോടെ അഥവാ  ഉണർത്തിയതിനു ശേഷം വേണം സാധനകൾ ആരംഭിക്കുവാൻ. ഉറക്കമോ ആലസ്യമോ വരുമ്പോൾ സാധനകൾ ചെയ്യരുത് പകരം മനസ്സിനെ ഒരു സാധനക്ക് പറ്റുന്ന തലത്തിലേക്ക് ഉയർത്തുകയാണ് വേണ്ടത്. 


നടക്കുകയോ, മുഖത്ത് വെള്ളം തളിക്കുകയോ ചെറിയതായി മയങ്ങുകയോ ചെയ്തു  ഉറക്കം മാറ്റണം. ആലസ്യം അകറ്റാൻ ഏറ്റുവും പറ്റിയത് വലിയ സാധകരുടെ വചനങ്ങൾ, ജീവിതകഥ, ജപ സിദ്ധന്മാരുടെ കഥകൾ കേൾക്കുക അല്ലെങ്കിൽ അവരുടെ ഫോട്ടോകൾ മുറിയിൽ സൂക്ഷിക്കുക എന്നിവയെല്ലാം ചെയ്തു നമുക്ക്  സാധനക്കുള്ള  പ്രചോദനം നേടാം. സ്ഥിരം ഇത്തരം മഹത് വ്യക്തികളുടെ കഥകളോ ഉപദേശങ്ങളോ വായിക്കുന്നവർ സാധന മുടങ്ങാതെ കൊണ്ട് പോകുന്നതായി കണ്ടിട്ടുണ്ട്. സത്ജനങ്ങളുടെ അതായത് മറ്റ്  സാധകരോടുള്ള കൂട്ടുകെട്ട് അദ്ധ്യതമിക ജീവിതത്തിന്റെ ഒരു ഊർജ്ജസ്രോതസ്സാണ്. താമസ രാജസ ഗുണങ്ങളെ ഇല്ലാതാക്കാൻ ആചാര്യന്മാർ പറയുന്ന ഏറ്റവും ആദ്യത്തെ വഴി സത് ജന സംഗമം ആണ്. ഇത് അപ്രാപ്യമായവർക്കു പുണ്യ സ്ഥല സന്ദർശനം, പുസ്തകങ്ങൾ, ഭാഗവതം, കഥാമൃതം തുടങ്ങിയ പുസ്തകങ്ങൾ വായിക്കൽ എന്നിവ ഊർജ്ജം പകരും. 


ശരീരത്തിന്റെ കാര്യത്തിൽ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം. ജപ സമയത്തിന് മുൻപ് കനത്ത ഭക്ഷണങ്ങൾ ഒഴിവാക്കുക എന്നതാണ്. ഇത് സാധകന് ജപത്തിനു വേണ്ട ഊർജ്ജം നഷ്ടപ്പെടുത്തി ഉറക്കത്തിന് വഴിയൊരുക്കും. ഊർജ്ജം നല്ലപോലെ വേണ്ടുന്ന ഒരു പ്രവർത്തി തന്നെയാണ് ജപം. മനസ്സിനെ ജപത്തിൽ കേന്ദ്രികരിക്കുക എന്ന കർമ്മം അല്പം ആയാസപ്പെട്ടതാണ്. തുടക്കകാലത്തു ഈ ആയാസപ്പെട്ട ജോലി ചെയ്യണ്ടിവരും അതിനാൽ ഊർജ്ജസ്വലമായ ഒരു മനസ്സും ശരീരവും സാധനക്കു വേണ്ടി എന്നും മാറ്റിവക്കേണ്ടതാണ്.

ജപത്തിന് വേണ്ടുന്ന ശാരീരികാവസ്ഥയും മാനസികാവസ്ഥയും നേടിക്കഴിഞ്ഞാൽ അടുത്തതായി ഈശ്വര നാമം നാം ജപിക്കുമ്പോൾ നമ്മെ അതിന് പ്രേരിപ്പിക്കേണ്ടുന്ന ഒരു അടിസ്ഥാന കാര്യം സുഖം നേടുക, ശാന്തി നേടുക എന്നൊന്നും ആയിരിക്കരുത്. നാം ഈശ്വരനാമം ജപിക്കുവാൻ വേണ്ടി മാത്രമാണ് ഈശ്വര നാമം ജപിക്കുന്നത് എന്നതാകണം. അതായത് നിരാലംബമായിരിക്കണം. നമുക്കും ഈശ്വരനും ഇടയിൽ ഒന്നും പാടില്ല. ഇതായിരിക്കണം ഒരു സാധകന്റെ മനോഭാവം. ഇത്തരം ഒരു മനോഭാവം നമ്മിൽ ജനിപ്പിക്കുന്നത് ഈശ്വരനോടുള്ള നമ്മുടെ നിഷ്കാമഭക്തിയും പ്രേമവും കൊണ്ടാണ്. 


ഒരാൾ ജപത്തിലൂടെ ഒരു മനസ്സുഖം നേടുവാൻ ഉദ്ദേശിച്ചാൽ എപ്പോൾ സുഖം നഷ്ടപ്പെടുന്നുവോ അപ്പോൾത്തന്നെ അയാളുടെ സാധനയിലെ താല്പര്യം നഷ്ടമാകുന്നു. അത് പോലെ തന്നെ ശാന്തിയുടെയും കാര്യം. അല്പം സാധന അനുഷ്ഠിച്ചാൽ മനസ്സ് ശാന്തമാകും അതുകൊണ്ട് തൃപ്തിപ്പെട്ടു സാധന അവസാനിപ്പിക്കും. ഇത് രാജാസികമായ മനസ്സിന്റെ ഗുണം ആണ്. സുഖിക്കുക, ആനന്ദിക്കുക, ശാന്തി അനുഭവിക്കുക എന്നൊക്കെയുള്ളതു പ്രത്യക്ഷത്തിൽ നല്ലതായി തോന്നാം പക്ഷെ സാധനയുടെ ആരംഭത്തിൽ ഇതെല്ലം വന്നുചേരും പിന്നീട് നമ്മുടെ യാത്ര ഒരു വരണ്ട ഭൂമികയിലൂടെ തുടരേണ്ടിവരും ആ സന്ദർഭത്തിൽ ഇത്തരം മനസ്സികാവസ്ഥകൾ നമ്മെ തളർത്തിക്കളയും. 


നിഷ്കാമ ഭക്തിയിലും ഈശ്വര പ്രേമത്തിലും ഊന്നിയ മനസ്സോടെ സാധനകൾ അനുഷ്ഠിച്ചാൽ ഏതു കഠിനമായ വഴിയിലും ചോരാത്ത ഊർജ്ജം നമുക്ക് ലഭിച്ചു കൊണ്ടേയിരിക്കും. ഇത് മാത്രമേ സാധനയുടെ ലക്‌ഷ്യം വരെയുള്ള യാത്രക്ക് ഊർജ്ജം പകരുകയുള്ളു എന്ന് മനസിലാക്കുക.




Below is the Google Play Store Installation Link:

https://play.google.com/store/apps/details?id=com.spiritualquotes.app

(Android application)




  



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ജ്യോതിഷം - നവഗ്രഹങ്ങൾ - 9 planets in astrology

ജ്യോതിഷം - ജാതകത്തിന്റെ 12 ഭാവങ്ങളും അതിന്റെ കരകത്വങ്ങളും

Importance Of Ishta Devatha or Chosen Ideal