ശ്രീ രാമകൃഷ്ണചരിതപാരായണ മാഹാത്മ്യം - കഥാമൃതപാനാനുഭൂതി

 

ഓം ഹരിഃ ശ്രീ ഗണപതയെ നമഃ; 

അവിഘ്നമസ്തു; 

ശ്രീ ഗുരുഭ്യോ നമഃ


ഓം നമോ ഭഗവതേ ശ്രീ രാമകൃഷ്ണദേവയാ 


ഈ ബ്ലോഗ് പോസ്റ്റ് ശ്രീ രാമകൃഷ്ണ പരമഹംസദേവന്റെ ചരണങ്ങളിൽ ഞാൻ സമർപ്പിക്കുന്നു 


ശ്രീ രാമകൃഷ്ണചരിതം എന്നതുകൊണ്ട്  ഇവിടെ  ശ്രീ രാമകൃഷ്ണ പരമഹംസദേവന്റെ ജീവിതകഥകൾ പുസ്തകരൂപത്തിലും പ്രഭാഷണരൂപത്തിലും പ്രചരിക്കപ്പെടുന്ന ജീവിതചരിത്രം, ഉപദേശങ്ങൾ, സാധനകൾ എന്നിവയെ മാത്രമേ അർത്ഥമാക്കുന്നുള്ളു. അതിന്റെ പ്രാധാന്യം ഈ കാലത്തിൽ എത്രയാണ്  അതുകൂടാതെ  അത് മറ്റു മാര്ഗങ്ങളിൽനിന്നു വ്യത്യസ്തമാകുന്നത് എങ്ങനെ എന്നൊക്കെ ആണ് ഈ ബ്ലോഗ് പോസ്റ്റിൽ ഞാൻ പറയാൻ ഉദ്ദേശിക്കുന്നത്.


കേരളത്തിൽ ശ്രീ രാമകൃഷ്ണചരിത പാരായണത്തിന്  അതിന്റെതായ ഒരു ചരിത്രം തന്നെ ഉണ്ട്. 1900 കളുടെ തുടക്കത്തിൽ ഇംഗ്ലീഷിലും ബംഗാളി ഭാഷയിലുമായി രചിക്കപ്പെട്ട നിരവധി ശ്രീ രാമകൃഷ്ണ ചരിതങ്ങൾ വായിക്കുകയും പഠിക്കുകയും ചെയ്തതിനുശേഷം അവയെ  മലയാളഭാഷയിലേക്കു വിവർത്തനം ചെയ്ത ആ മഹാന്മാർ തന്നെ ആണ് യഥാർത്ഥത്തിൽ കേരളത്തിലേക്കും മലയാളികളുടെ നാട്ടിടവഴികളിലേക്കും ശ്രീ രാമകൃഷ്ണ കഥകളെ ക്ഷണിച്ചു കൊണ്ടുവന്നത് എന്ന് പറയാം.


സനാതനമായ ധർമ്മത്തിന്റെ ഹൃദയത്തിൽനിന്നു ഉത്ഭവിച്ച പ്രേമഭക്തിയുടെ ഈ അമൃതധാര കേരളത്തിന്റെ ആധ്യാത്മിക നാഡികളിലൂടെ ഇന്ന് സദാ പ്രവഹിക്കുന്നതിന് പ്രധാന പങ്കുവഹിച്ചവർ അവരായതുകൊണ്ടു അവരുടെ പാദങ്ങളിൽ പ്രണാമങ്ങൾ അർപ്പിച്ചുകൊണ്ട് മാത്രമേ ഈ ഉദ്യമം തുടരാൻ സാധിക്കുകയുള്ളു. 


കേരളത്തിൽമാത്രമല്ല ലോകമെമ്പാടുമുള്ള ഭക്തിപ്രസ്ഥാനങ്ങൾക്ക് അതിന്റെ ഉച്ചതമമായ അവസ്ഥയെ സാക്ഷാത്ക്കരിക്കാൻ പ്രാപ്തമാക്കിയ  ഈ ദിവ്യ ചൈതന്യം  ഭക്ത ഹൃദയത്തിലേക്ക് ഇന്ന് നിദാന്തം പ്രവഹിച്ചുകൊണ്ടിരിക്കുന്നു. ഭഗവാനെ അവന്റെ ഭക്‌തനുമായി ബന്ധപ്പെടുത്തുന്നത് വേറെ ആരുമല്ല ഭഗവൻ തന്നെയാണ്‌ എന്ന ആ തിരിച്ചറിവോടെ മാത്രമേ ഈ കൈവഴികളെ കുറിച്ച് മനസ്സിലാക്കാൻ സാധിക്കുകയുള്ളു.


ശ്രീ രാമകൃഷ്ണദേവന്റെ അനുഗ്രഹംകൊണ്ടു മാത്രം സാധ്യമാകുന്ന ഒന്നാണ് ശ്രീ രാമകൃഷ്ണചരിത പാരായണം എന്ന് നമ്മൾ മനസ്സിലാക്കേണ്ടതാണ്. അതിനു ഭാഗ്യം സിദ്ധിച്ച പുണ്യാത്മാക്കൾ ദൈവാനുഗ്രഹം ലഭിച്ചവർ തന്നെ. അതിൽ യാതൊരു സംശയവുമില്ല. വഴിയേ ശ്രീ രാമകൃഷ്ണ പാരായണ മഹാത്മ്യത്തിനെ കുറിച്ച് അൽപ്പം പറഞ്ഞു അത് ബോധ്യപ്പെടുത്താൻ ശ്രമിക്കാം.


ബാലകഥാരൂപത്തിലും ജീവിതകഥാരൂപത്തിലും പിന്നെ കഥാമൃതരൂപത്തിലുമായൊക്കെ ശ്രീ രാമകൃഷ്ണചരിതം വളരെ ബാല്യകാലത്തുതന്നെ ജനങ്ങളിൽ സന്നിവേശിപ്പിക്കാൻ ഒരു മഹത്തായ കർമം നടന്നിട്ടുണ്ട് . ബാല്യകാലംമുതൽക്കേയുള്ള ശ്രീ രാമകൃഷ്ണ കഥാപാരായണം ഒരു വ്യക്തിയിൽ ഭക്തിയുടെ വിത്ത് പാകുന്നു. ഇത് ജീവിതത്തിന്റെ മുന്നോട്ടുള്ള യാത്രയിൽ ഇശ്വരഭക്തി കൂടെകൊണ്ടുപോകാൻ ശക്തമായ ഒരു അടിത്തറ പാകുന്നു. ജീവിതത്തിനു ദൈവാനുഗ്രഹം സാധ്യമാകാനുള്ള യഥാർഥത യോഗ്യത ഭക്തി നിർഭരത ആകുന്നു. 


ജീവിതത്തെ ഉടനീളം ഭക്തിനിര്ഭരമാക്കാൻ പര്യാപ്തമാക്കുന്ന ഒന്നാണ് ചെറുപ്പകാലം മുതലേയുള്ള ഭക്തിയുടെ ബാലകഥകൾ. ജീവിതഗന്ധിയായ ഈ ഭക്തിയുടെ പൂമരം വളർന്നു നിർമലമായ ഒരു മാനസികാവസ്ഥയിൽ എപ്പോഴോ പൂവിടുന്നു. ദൈവാനുഗ്രഹത്തിൽ ഈ പൊൻപൂക്കൾ വ്യക്തിയുടെ  ജീവിതത്തിലുടനീളം വർഷിക്കുന്നു.  അങ്ങനെ ജീവിതം ഉയർന്നതലങ്ങളിലൂടെ സഞ്ചരിച്ചു ഭഗവത്പാദങ്ങളിൽ സ്പർശിക്കുന്നു.


ശ്രീ രാമകൃഷ്ണചരിതം മനുഷ്യർക്ക് ദൈവാനുഭവത്തെ പ്രയോഗികമാക്കാനുള്ള ഗുരുകടാക്ഷം തന്നെ ആണ് . ഭഗവാൻ ഉപദേശിക്കുന്ന മാർഗം ഭക്തിയുടേതാകുന്നു. ദൈവത്തിലേക്കുള്ള ഒരുവന്റെ ഈ കാലഘട്ടത്തിന്റെ യാത്ര സുഗമമാക്കുന്നതു ഭക്തിയാണ് എന്ന് ശ്രീ രാമകൃഷ്ണദേവൻ ഉപദേശിക്കാറുണ്ട് . ഇത്തരം പല ദിവ്യോപദേശങ്ങളിലൂടെ ഒരു വ്യക്തിയുടെ ആധ്യാത്മിക ജീവിതത്തിനു വ്യക്തമായ ഒരു ദിശാബോധം നൽകുന്നു.  കാലക്രമേണ ഒരുഭക്തൻ  ശ്രീ രാമകൃഷ്ണദേവനിൽ ഒരു സച്ചിദാനന്ദ സ്വരൂപനായ ഗുരുവിനെ സാക്ഷാത്ക്കരിക്കുന്നു. 


ശ്രീ രാമകൃഷ്ണദേവന്റെ ദിവ്യ ജീവിതം തന്നെയാണ് അതിനെ മറ്റുപല ദിവ്യചരിതത്തിൽനിന്നും വ്യത്യസ്തമാക്കുന്നത് .  മുൻപെങ്ങോ മുറിഞ്ഞുഅകന്നു പോയ സ്വപ്നതുല്യമായ ആത്‌മീയ ദിവ്യാനുഭൂതികളുടെ സുവർണലോകത്തെ ഭഗവാൻ അവിടുത്തെ ദിവ്യജീവിതത്തിലൂടെ കണ്ണിചേർത്തു. മാത്രമല്ല അതിനെ കാലത്തിന്റെ സങ്കുചിതമായ പാതയിൽനിന്നു ഗതിമാറ്റി വിശ്വാസത്തിന്റെ അതിർവരമ്പുകളില്ലാത്ത ഹൃദയപാതയിലൂടെ കാലദേശങ്ങൾക്കപ്പുറത്തെ ഭക്തരിലേക്ക് എത്തിക്കുകയും ചെയ്തിരിക്കുന്നു. അങ്ങനെ ശ്രീ രാമകൃഷ്ണദേവൻ തന്റെ ദിവ്യജീവിതചരിതത്തെ  അനശ്വരമാക്കുന്നു. 


ദിവ്യാനുഭൂതിയും വിശ്വസ്തതയും ഒരുപോലെ സമന്യയിക്കുന്ന അപൂർവ സംഗമ ചരിതമാണ് ശ്രീ രാമകൃഷ്ണ പരമഹംസദേവ ചരിതം. ശിഷ്യോത്തമന്മാരുടെ സത്യസന്ധവും ത്യാഗനിർഭരവുമായ ജീവിതത്തിലൂടെ ആകാലത്തെ കലാ  ശാസ്ത്ര സാഹിത്യ സാമൂഹ്യ മേഖലകളിലെ ഉന്നത വ്യക്തികളിലൂടെ ആ ദിവ്യ ജീവിതത്തിന്റെ വിശ്വാസധാര സാമാന്യ ജനവിഭാഗങ്ങളിലെക്ക് അവർ എത്തിച്ചു .  അത് പിന്നീടും യോഗ്യമായ കരങ്ങളിലൂടെ തുടർന്നു പോകുന്നു. ആ വിശ്വാസധാര സന്യാസ ആശ്രമങ്ങളിലൂടെമാത്രമല്ല മറിച്ചു കലാ  ശാസ്ത്ര സാഹിത്യ സാമൂഹ്യ മേഖലകളിലൂടെയും പ്രവഹിക്കുന്നു. 


ശ്രീ രാമകൃഷ്ണ പരമഹംസരുടെ ജീവിതം ഇത്രയേറെ ആകർഷകമാക്കിയത്  എന്തിനോടും അവിടുത്തേക്കുള്ള  ലളിതമായ സമീപനം , സാമിപ്യം പിന്നെ സാന്ത്വനം ഒക്കെ തന്നെ ആണ് . ഒരു വിരക്തനായ യോഗിയുടെ ജീവിതരീതിയല്ലായിരുന്നു അവിടുത്തേക്ക്‌ പകരം സാധാരണ മനുഷ്യരുടെ ഇടയിൽ ജീവിക്കാനും അവരിലെ ആത്‌മീയതയെ തൊട്ടുണർത്താനും  ഉള്ള ദിവ്യമായ ഒരു പ്രേരണ  ശ്രീ രാമകൃഷ്ണദേവന്റെ ജീവിതത്തിലുടനീളം നമുക്ക് ദർശിക്കാൻ കഴിയും. അതിനെ സാധാരണ ജനജീവിതത്തിന്റെ വഴിത്താരയിലേക്കുള്ള ദൈവത്തിന്റെ ഇറങ്ങിവരളുമായി താരതമ്യപ്പെടുത്തുന്നതിൽ അതിശയോക്തി ഇല്ല. 

അനുഭവത്തിൽ അശേഷം വേരൂന്നിയ അവിടുത്തെ ഈശ്വരവിശ്വാസം മറ്റുള്ളവരിലേക്കും പകരുന്ന തരം ഒന്നായിരുന്നു . ഒരു പൂവ് അതിന്റെ സുഗന്ധം എങ്ങനെയാണോ ചുറ്റുപാടും പടർത്തുന്നത് അതുപോലെ അവിടുത്തെ ഹൃദയ കമലത്തിൽനിന്നും പുറപ്പെടുന്ന ആ അമൃതപ്രവാഹം ആരെയും നൊടിയിടയിൽ ആകർഷിക്കുന്നതായിരുന്നു. ശ്രീ രാമകൃഷ്ണദേവനിൽ നിന്നും പുറപ്പെടുന്ന ഓരോ വാക്കും നോക്കും ചലങ്ങകളും ചൈതന്യനിർഭരമായിരുന്നു. അവിടുത്തെ ചിന്തകളിലും വാക്കുകളിലും പ്രവർത്തികളിലും ഒരുപോലെ അത് അനുഭവവേദ്യമായിരുന്നു.


വെളിച്ചത്തിന്റെ സാന്നിധ്യത്തിൽ ഇരുട്ട് എങ്ങനെയാണോ ഇല്ലാതിരിക്കുന്നത് അതുപോലെ തന്നെ അവിടുത്തെ ദർശനം മാത്രം കൊണ്ടുതന്നെ ഭക്തരുടെ ഉള്ളിലെ സംശയം ഇല്ലാതെയാകാറുണ്ട് . പൂർവ്വജന്മാർജ്ജിതമായ പുണ്യം കൊണ്ട്  ശിഷ്യന്മാരും ഭക്തരും അവിടുത്തെ സമകാലികരാകുകയും അവിടുത്തേക്ക്‌ ചുറ്റും അമ്മയുടെ  മുന്നിൽ മക്കൾ എങ്ങനെയോ അതുപോലെ  അവരുടെ സ്വന്തം എന്നമട്ടിൽ പൂർണസ്വാതന്ത്രത്തോടെയാണ് അവർ  ചുറ്റുംകൂടാറ് . അവരുടെ നടുവിൽ ഒരു കല്പവൃക്ഷം പോലെ  ശ്രീ രാമകൃഷ്ണദേവൻ പോലെ നിലകൊണ്ടു. 

ക്ഷണികവും ദുഃഖാർദ്രവുമായ സ്വപ്ന ജീവിതത്തിൽ യാതാർഥ്യം ശാശ്വതമായ ആനന്ദരൂപത്തിൽ വിരുന്നുവന്നു.  അവരുടെ ജീവിതത്തിന്റെ ആനന്ദസ്രോതസ്സായ ശ്രീ രാമകൃഷ്ണദേവന് ചുറ്റും അവർ ഒരു ദിവ്യലോകം തന്നെ തീർത്തു. ദൈവം അവരുടെ കൂടെ അവരുടെ ഇഷ്ടദേവനായി ജീവിച്ചു.

ബംഗാളിലെ ചെറുഗ്രാമത്തിനരികിലൂടെ ഒഴുകുന്ന ഹൂഗ്ലിനദിയെയും  ചുറ്റും വളർന്നുനിന്ന വൃക്ഷങ്ങളെയും മുകളിൽ തിങ്ങിക്കൂടിയ മേഘങ്ങളേയും സാക്ഷിയാക്കി ശ്രീ രാമകൃഷ്ണദേവൻ അവിടുത്തെ ശ്രീ രാമകൃഷ്ണചരിതം എന്ന തിരുനാടകം ആടിത്തീർത്തു.     


അവതാരമൂർത്തിയും സച്ചിദാനന്ദസ്വരൂപനുമായ ശ്രീ രാമകൃഷ്ണദേവനെപ്പറ്റി ഇത്രയും ലോകരോടു പറയാൻ അനുഗ്രഹം  ലഭിച്ച ഞാൻ വളരെയധികം സന്തുഷ്ടനായിരിക്കുന്നു. 

ഒരിക്കലും പൂർണ്ണമാക്കാൻ സാധിക്കാത്ത ഈ ബ്ലോഗ് പോസ്റ്റ് ഞാൻ എവിടെ നിർത്തുകയാണ് . ഇത് മുഴുവനും വായിച്ചു തീർത്ത എന്റെ വായനക്കാരോട് എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. നിങ്ങളെ ശ്രീ രാമകൃഷ്ണദേവൻ അനുഗ്രഹിക്കട്ടെ. 


" അപൂർവങ്ങളിൽ അപൂർവമായ ഈ മനുഷ്യജന്മത്തിന്റെ ആത്യന്തികമായ ലക്ഷ്യം ദൈവത്തിന്റെ പാദപത്മങ്ങളിൽ പരിശുദ്ധ പ്രേമം ജനിപ്പിക്കുക എന്നതിനാണ്  " 

 - ശ്രീ രാമകൃഷ്ണ പരമഹംസദേവൻ 


സമാപ്തം 

ശുഭം 






അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഭക്തിയുടെ മതം

ഭക്തമാല - ഈശ്വരന്റെ സർവകാല മഹാ ഭക്തോത്തമന്മാർ

ശ്രീരാമകൃഷ്ണ പരമഹംസരുടെ കാളി മാതാവ്